വീട്ടിൽ 'ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യ പങ്കാളിത്ത'മെന്നൊക്കെ പറയുമെങ്കിലും ഇന്ത്യയിലെ വീടുകളില്‍ ഇന്നും സ്ത്രീകൾ തന്നെയാണ് ഏതാണ്ടെല്ലാ ജോലിയും ചെയ്യുന്നത്. എന്നാല്‍, യുഎസില്‍ വീട് വൃത്തിയാക്കുന്നത് സംബന്ധിച്ച ഒരു തർക്കം ഒടുവില്‍ കത്തിക്കുത്തിലാണ് അവസാനിച്ചത്. ഭർത്താവിനെ കത്തികൊണ്ട് ആക്രമിച്ച കേസിൽ നോർത്ത് കരോലിനയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജയായ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് കരോലിനയിലെ എലിമെന്‍ററി സ്കൂളിൽ ടീച്ചർ അസിസ്റ്റന്‍റായി ജോലി ചെയ്യുന്ന ഇന്ത്യൻ വംശജയായ ചന്ദ്രപ്രഭ സിംഗ് (44) വീട് വൃത്തിയാക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഭർത്താവിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
വീട് വൃത്തിയാക്കാത്ത ഭര്‍ത്താവ്ഒക്ടോബർ 12 ഞായറാഴ്ച, ചന്ദ്രപ്രഭ സിംഗ് ഭർത്താവ് അരവിന്ദ് സിംഗിന്‍റെ കഴുത്തിൽ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. നോർത്ത് കരോലിനയിലെ ഷാർലറ്റിലെ ബല്ലാന്റൈൻ പ്രദേശത്തെ ഫോക്സ്ഹാവൻ ഡ്രൈവിലെ ഒരു അപ്പാർട്ട്മെന്‍റ് സമുച്ചയത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. താന്‍ വീട് വൃത്തിയാക്കാത്തതിൽ ഭാര്യ നിരാശയായെന്നും 'മനപ്പൂർവ്വം കത്തി ഉപയോഗിച്ച് തന്നെ ആക്രമിച്ചു'വെന്നും ചന്ദ്രപ്രഭയുടെ ഭർത്താവ് അരവിന്ദ് സിംഗ് പോലീസുകാരോട് പറഞ്ഞു. എന്നാല്‍, വീട് അലങ്കോലമായി കിടക്കുകയായിരുന്നുവെന്നും വൃത്തിയാക്കാന്‍ പറഞ്ഞിട്ടും ഭര്‍ത്താവ് ചെയ്തില്ലെന്നും ഇതിനിടെ താന്‍ രാവിലത്തെ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ കൈയില്‍ കത്തി ഉണ്ടായിരുന്നപ്പോൾ അസ്വസ്ഥതയോടെ തിരിഞ്ഞ് നോക്കിയപ്പോൾ അബദ്ധത്തില്‍ ഭര്‍ത്താവിന്‍റെ കഴുത്തില്‍ കത്തി കൊള്ളുകയായിരുന്നു എന്നുമാണ് ചന്ദ്രപ്രഭ പോലീസിനോട് പറഞ്ഞത്.
ഉപാധികളോടെ ജാമ്യംഎൻഡ്ഹാവൻ എലിമെന്‍ററി സ്കൂളിൽ കെ-3 ഗ്രേഡിൽ അധ്യാപക സഹായിയായി ജോലി ചെയ്യുന്ന ചന്ദ്രപ്രഭ, മാരകായുധം ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിനാണ് കേസെടുത്തത്. സ്കൂൾ വസ്തുവകകളിൽ ആക്രമണം നടന്നിട്ടില്ലെന്നും വിദ്യാർത്ഥികളോ ജീവനക്കാരോ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഷാർലറ്റ്-മെക്ലെൻബർഗ് പോലീസ് ഡിപ്പാർട്ട്മെന്‍റ് സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തിയപ്പോക്ഷ കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റ അരവിന്ദ് സിംഗിനെയാണ് കണ്ടത്. ചന്ദ്രപ്രഭയെ പോലീസ് കോടതിയില്‍ ഹജരാക്കി. ഇലക്ട്രോണിക് മോണിറ്ററിംഗ് ഉപകരണം ധരിക്കുക, ഭർത്താവുമായി യാതൊരു ബന്ധവും പാടില്ലെന്നും തുടങ്ങിയ വ്യവസ്ഥകളോടെ അവർക്ക് ജാമ്യം അനുവദിച്ചു. കുറ്റം തെളിയുന്നത് വരെ അവരെ ഷാർലറ്റ്-മെക്ലെൻബർഗ് സ്കൂൾസ് ഡിസ്ട്രിക്റ്റ് ശമ്പളത്തോടെ സസ്പെൻഡ് ചെയ്തതായും റിപ്പോര്‍ട്ടിൽ പറയുന്നു.
Post a Comment