Join News @ Iritty Whats App Group

കൂട്ടുപുഴ പേരട്ടയിലെ ജനവാസ മേഖലയിൽ ചുറ്റിക്കറങ്ങി കാട്ടുകൊമ്പൻ; നാട്ടുകാർ ഭീതിയിൽ

ഇരിട്ടി: രണ്ടാഴ്ചയായി കർണ്ണാടക ബ്രഹ്മഗിരി വനമേഖല പങ്കിടുന്ന കൂട്ടുപുഴ പേരട്ടയിലെ ജനവാസ മേഖലയിൽ ചുറ്റിക്കറങ്ങുന്ന കാട്ടുകൊമ്പന്റെ ഭീതിയിലാണ് പ്രദേശവാസികൾ. മാക്കൂട്ടം ബ്രഹ്‌മഗിരി വനമേഖലയിൽ നിന്നും എത്തിയ കാട്ടാന തുടർച്ചയായി മേഖലയിൽ കാർഷിക വിളകൾക്കും മറ്റും വൻ നാശമാണ് വരുത്തിവെക്കുന്നത്. രണ്ടാഴ്ച്ച മുൻപാണ് കൂട്ടുപുഴ പാലത്തിൽ എത്തി നിലയുറപ്പിച്ച കൊമ്പൻ മണിക്കൂറുകളോളം ഗതാഗതം തടസ്സപെടുത്തിയത്. തങ്ങളുടേതല്ല ആന എന്ന് പറഞ്ഞ് കർണ്ണാടക വനപാലകസംഘം അന്ന് കയ്യൊഴിഞ്ഞ് പോവുകയായിരുന്നു. 

കേരളാ വനപാലകസംഘം ഇതിനെ തുരത്തി വിട്ടെങ്കിലും ഇത് കടു കയറിയിട്ടില്ല എന്നതാണ് നിഗമനം. കൂട്ടംതെററിയെത്തിയ ആനയാണ് ഇതെന്നാണ് സംശയിക്കുന്നത്.   
ചൊവ്വാഴ്ച്ച പുലർച്ചെ പേരട്ട സെന്റ് ആന്റണീസ് പള്ളിക്ക് സമീപം കരിനാട്ട് ജോസ്, കുഞ്ഞു കൃഷ്ണൻ തെക്കനാട്ട്, ഐസക് കൊതുമ്പുചിറ, സജി കരിനാട്ട്, ജോർജ് തോണ്ടുങ്കൽ എന്നിവരുടെ വീട്ടുമുറ്റത്തും കൃഷിയിടത്തിലും എത്തിയ കൊമ്പൻ വാഴ ഉൾപ്പെടെയുള്ള കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയത്. ആന പേരട്ട സെന്റ് ആന്റണീസ് പളളിക്ക് സമീപത്തെ കരിനാട്ട് ജോസിന്റെ വീട്ടുമുറ്റത്ത് എത്തി കാറുകൾക്കിടയിൽ നിൽക്കുന്നതും വീടിന്റെ നടവഴികളിലൂടെ നടന്നു നീങ്ങുന്നതും മറ്റും നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. വീടുകൾക്ക് പുറമെ ആന എത്തിയത് സ്‌കൂളുകളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്നിടത്താണ് . 


കേരളത്തോട് ചേർന്ന കർണാടക ബ്രഹ്‌മഗിരി വനമേഖലയിൽ ഒമ്പതോളം ആനകൾ ഉണ്ടെന്നാണ് കർണാടക വനം വകുപ്പും പറയുന്നത്. ഇതിൽപ്പെട്ട ആനയാണ് കൂട്ടം തെററി ജനവാസ മേഖലയിൽ എത്തിയതെന്നാണ് വനം വകുപ്പ് അധികൃതർ സംശയിക്കുന്നത്. കർണാടക അതിർത്തിയോട് ചേർന്ന് കേരള അതിർത്തിയിൽ 400 മീറ്റർ ഭാഗമാണ് സോളാർ തൂക്കുവേലി സ്ഥാപിക്കാൻ ഉള്ളത്. മുൻപ് സ്ഥാപിച്ച തൂക്കുവേലികളാണെങ്കിൽ അറ്റകുറ്റപ്പണികൾ നടത്താതെ കാടുകയറിയും മറ്റും തകർന്ന നിലയിലുമാണ്. പ്രതിരോധ മാർഗങ്ങൾ ഒന്നുമില്ലാത്ത ഭാഗങ്ങളിലൂടെയാണ് ആനകൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. കേരളത്തിന്റെ കൃഷിഭൂമിയിൽ കാട്ടാനകൾ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നത് തടയാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

       
ആറളം പുനരധിവാസ മേഖലയിലും കാർഷിക മേഖലയിലും കാട്ടാനകളുടെ പരാക്രമം തുടരുകയാണ്. പുനരധിവാസ മേഖല ബ്ലോക്ക് 11 ൽ കൈതക്കൊല്ലിയിൽ സുമ ചന്ദ്രന്റെ പറമ്പിലെ തെങ്ങുകൾ കാട്ടാന കുത്തി വീഴ്ത്തി. ബ്ലോക്ക് 10 ൽ കഴിഞ്ഞ ദിവസം വെള്ളം ശേഖരിക്കാൻ പോയ ദമ്പതിമാരെ കാട്ടാന ഓടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലോക്ക് 11 വീണ്ടും കാട്ടാനയുടെ പരാക്രമം. ജീവനും സ്വത്തിനും സുരക്ഷിതത്വം ഇല്ലാതെ ആദിവാസികൾ ഭയപ്പാടോടെയാണ് കഴിയുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group