Join News @ Iritty Whats App Group

പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവ്, ചിത്രം പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി:പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിലെ പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവ്. പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിലാണ് എട്ടാം ക്ലാസിൽ ചേർന്നത്. തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ലെന്ന് ഉറപ്പുള്ള കലാലയത്തിലേക്ക് മകൾ എത്തിയെന്ന് രക്ഷിതാവ് ഫേസ്ബുക്കിൽ കുറിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പെൺകുട്ടി സ്കൂൾ വിടാൻ തീരുമാനിച്ചത്.

കൊച്ചി പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിഷയത്തിലെ ഹർജി ഹൈക്കോടതി തീർപ്പാക്കിയിരുന്നു. സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛനും തുടർനടപടി അവസാനിപ്പിക്കുന്നതായി സംസ്ഥാന സർക്കാരും അറിയിച്ചതോടെയാണ് ഹൈക്കോടതി തീരുമാനത്തിലെത്തിയത്. ഭരണഘടന അവകാശങ്ങളുടെ ലംഘനം നടന്നത് കൊണ്ടാണ് വിഷയത്തിൽ ഇടപെട്ടതെന്നും കുട്ടിയുടെ മൗലിക അവകാശം നിഷേധിക്കപ്പെട്ടതായും വിദ്യാഭ്യാസ വകുപ്പ് കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനമാണ് ഉദ്ദേശിക്കുന്നതെന്നും എല്ലാ കുട്ടികളെയും ഒരു പോലെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഹിജാബ് അനുവദിക്കാത്തതെന്നും സ്കൂളിന്റെ അഭിഭാഷക കോടതിയിൽ വാദിച്ചു.

എന്നാൽ വിഷയം രമ്യമായി പരിഹരിക്കണമെന്ന് നിർദ്ദേശിച്ച കോടതി എല്ലാ കക്ഷികളും തുടർനടപടി ഇല്ലെന്ന് വ്യക്തമാക്കിയതോടെ ഹർജി തീർപ്പാക്കുന്നതായി അറിയിക്കുകയായിരുന്നു. ഹിജാബ് ധരിച്ച കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കാത്ത സ്കൂൾ നടപടിയിൽ വീഴ്ച കണ്ടെത്തി എറണാകുളം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ റിപ്പോർട്ട് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ ഹർജിയിൽ വിദ്യാർത്ഥിയ്ക്കായി അച്ഛനും ഹർജിയിൽ കക്ഷി ചേരുകയായിരുന്നു

Post a Comment

أحدث أقدم
Join Our Whats App Group