Join News @ Iritty Whats App Group

'ഏതെങ്കിലും സ്കൂളിനു മുന്നിൽ പിഎം ശ്രീ ബോർഡ് വെച്ചാൽ പിഴുതെറിയും, കാവി കാണുമ്പോൾ പിണറായി വിജയൻ സർക്കാരിന് പ്രേമം'; കെഎസ്‍യു പ്രതിഷേധം സംഘർഷഭരിതം

തിരുവനന്തപുരം: പി .എം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവച്ചതിൽ പ്രതിഷേധിച്ച് കെ എസ് യു - എം എസ്എ ഫ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കെ എസ് യു പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്. ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ടു നീങ്ങാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലിസ് നിരവധി പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു. റോഡിൽ തെന്നിവീണ പ്രവർത്തകർക്ക് പരിക്കേറ്റു. പൊലിസിനു നേരെ കല്ലേറുണ്ടായി. സെക്രട്ടറിയേറ്റിനുള്ളിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്‍റെ ചില്ലുകള്‍ തകർന്നു. കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവിയറിന്‍റെ നേതൃത്വത്തിലായിരുന്നു മാർച്ച്. സെക്രട്ടറിയേറ്റിന്‍റെ സമര ഗേറ്റിലേക്കായിരുന്നു എം എസ് എഫ് മാർച്ച്. ബാരിക്കേഡിനു മുകളിൽ കയറാൻ പ്രവർത്തകർ ശ്രമിച്ചപ്പോള്‍ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

പി എം ശ്രീ ബോർഡ് വെച്ചാൽ പിഴുതെറിയും

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ സംഘിവത്കരണത്തിന് വിട്ടുകൊടുക്കില്ലെന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു. എന്ത് നയ വ്യതിയാനമാണ് സി പി എമ്മിന് ഉണ്ടായതെന്ന് ചോദിച്ച കെ എസ് യു അധ്യക്ഷൻ, കാവി കാണുമ്പോൾ പിണറായി വിജയൻ സർക്കാരിന് പ്രേമമാണെന്നും പരിഹസിച്ചു. സംസ്ഥാനത്തെ ഏതെങ്കിലും സ്കൂളിനു മുന്നിൽ പി എം ശ്രീ ബോർഡ് വെക്കാൻ വന്നാൽ അത് പിഴുതെറിയുമെന്നും അലോഷ്യസ് സേവ്യർ പ്രഖ്യാപിച്ചു. പി എം ശ്രീ പദ്ധതിയിൽ കൈകൊടുത്ത കേരള സർക്കാരിന്‍റെ തീരുമാനത്തിനെതിരെ ഒന്നിച്ച് പോരാടാൻ സി പി ഐയുടെ വിദ്യാർഥി സംഘടനയായ എ ഐ എസ് എഫിനെ ക്ഷണിക്കുകയും ചെയ്തു. ഈ സമരമുഖത്തേക്ക് എ ഐ എസ് എഫിനെ പരസ്യമായി ക്ഷണിക്കുന്നുവെന്നാണ് അലോഷ്യസ് സേവ്യർ പറഞ്ഞത്. പി എം ശ്രീ പദ്ധതിക്കെതിരെ തെരുവിൽ പ്രതിഷേധമുയർത്തുന്ന എ ഐ എസ് എഫ്, പിണറായി വിജയൻ്റെ കണ്ണുരുട്ടലിൽ വീഴാതെ ഇരിക്കട്ടെയെന്നും കെ എസ് യു അധ്യക്ഷൻ അഭിപ്രായപ്പെട്ടു.

ശിവൻകുട്ടി ഇടതുപക്ഷത്തെ വഞ്ചിച്ചു

മുൻ നിലപാടിൽ നിന്നും വ്യതിചലിച്ച് പി എം ശ്രീ പദ്ധതിയുടെ ഭാഗമായ ഇടത് സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് നേരത്തെ എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി എ അധിൻ രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി, വി ശിവൻകുട്ടി ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്നും തുറന്നടിച്ചു. നിലപാട് എന്നത് ഒരു വാക്കല്ല. അത് കാട്ടിക്കൊടുത്തത് കേരളത്തിൽ ഇടതുപക്ഷമാണ്. വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മുൻ അമരക്കാരൻ വി ശിവൻകുട്ടി ആ ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്നായിരുന്നു എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി ഫേസ്ബുക്കിൽ കുറിച്ചത്. മന്ത്രി ശിവൻകുട്ടി എ ബി വി പി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രവും എ അധിൻ എഫ് ബിയിൽ പങ്കുവെച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group