Join News @ Iritty Whats App Group

ഷട്ട്‌ ഡൗൺ പൂട്ട് പൊളിക്കാനാകാതെ അമേരിക്ക, ട്രംപ് ഭരണകൂടത്തിന്‍റെ അവസാന ശ്രമവും പാളി? അതി നിർണായക വോട്ടെടുപ്പിനൊരുങ്ങി സെനറ്റ്

വാഷിംഗ്ടൺ: അമേരിക്കൻ സർക്കാർ ഷട്ട്‌ ഡൗൺ മൂന്നാം ദിവസം പിന്നിടുമ്പോൾ പരിഹാരത്തിനായി തിരക്കിട്ട ശ്രമം. ധന അനുമതി ബില്ല് പാസാക്കാൻ സെനറ്റിൽ ഇന്ന് വീണ്ടും നടക്കും. ഒക്ടോബർ 1 മുതൽ ആരംഭിച്ച ഈ ഷട്ട്‌ഡൗൺ നാലാം ദിവസത്തിലേക്ക് നീങ്ങുമ്പോൾ അമേരിക്കയിലെ വിവിധ മേഖലകൾ സ്തംഭനാവസ്ഥയിലാണ്. ദേശീയ സുരക്ഷാ, ആരോഗ്യ പദ്ധതികളടക്കം തടസ്സപ്പെടുന്ന നിലയിലെത്തിയതോടെയാണ് സമവായത്തിനായി തീവ്രശ്രമം നടക്കുന്നത്. ഇതിന്‍റെ ഭാഗമായി ധന അനുമതി ബില്ലിൽ ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും. എന്നാൽ വോട്ടെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് കക്ഷികൾ തമ്മിൽ നടത്തിയ ചർച്ചയിൽ സമവായമുണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതുകൊണ്ട് തന്നെ സെനറ്റിൽ ഇന്ന് ബിൽ പാസ്സാകാൻ സാധ്യതയില്ലെന്നാണ് വ്യക്തമാകുന്നത്. അങ്ങനെയെങ്കിൽ ഷട്ട് ഡൗൺ നീളാനാണ് സാധ്യത.

വിവിധ മേഖലകൾ സ്തംഭിച്ചു

സർക്കാർ ചെലവുകൾക്കായുള്ള ധനാനുമതി ബിൽ പാസാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വിവിധ മേഖലകൾ സ്തംഭിച്ച അവസ്ഥയിലാണ്. ഒക്ടോബർ 1 ന് നടന്ന വോട്ടെടുപ്പിൽ സെനറ്റിൽ സമവായത്തിലെത്താൻ കഴിയാതെ വന്നതോടെയാണ് അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം സ്തംഭിച്ചത്. സര്‍ക്കാര്‍ സേവനങ്ങള്‍ നിലയ്ക്കുന്നത് സാധാരണക്കാരേയും ബാധിക്കുകയാണ്. പുതിയ സാമ്പത്തിക വർഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന ബിൽ ഒക്ടോബർ ഒന്നിന് മുൻപ് യു എസ് കോൺഗ്രസ് പാസാക്കുന്നതാണ് അമേരിക്കയിലെ രീതി. ഇത്തവണ ഭരണപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിക്കും പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കും സെനറ്റിൽ സമവായത്തിൽ എത്താനായില്ല. ഇതോടെയാണ് രാജ്യം അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്.

അമേരിക്ക കണ്ട പതിനാഞ്ചാമത്തെ അടച്ചു പൂട്ടൽ

അടച്ചുപൂട്ടല്‍ പ്രാബല്യത്തിലായതോടെ സാധാരണക്കാരും സര്‍ക്കാര്‍ ജീവനക്കാരും ദുരിതത്തിലായി. ആരോഗ്യസേവനം, അതിര്‍ത്തി സുരക്ഷ, വ്യോമയാനം തുടങ്ങിയ അവശ്യസര്‍വീസ് ഒഴികെയുളള സര്‍ക്കാര്‍ സേവനങ്ങളെല്ലാം തടസപ്പെട്ടു. ശമ്പളം കൊടുക്കാനും ദൈനംദിന കാര്യങ്ങള്‍ക്കും വകുപ്പുകള്‍ക്ക് പണമില്ലാതാകുന്ന അവസ്ഥയാണ്. ഏഴരലക്ഷം ജീവനക്കാര്‍ ശമ്പള രഹിത നിര്‍ബന്ധിത അവധിയിലേക്കും പോകേണ്ട അവസ്ഥയിലാണ്. അടച്ചുപൂട്ടലിന്‍റെ ദൈര്‍ഘ്യമനുസരിച്ചിരിക്കും പ്രതിസന്ധിയുടെ ആഴം വ്യക്തമാകുക. സര്‍ക്കാര്‍ ജീവനക്കാരോട് അത്ര താത്പര്യമില്ലാത്ത ട്രംമ്പ് ജീവനക്കാരില്‍ കുറച്ചു പേരെയെങ്കിലും പിരിച്ചുവിടാനുളള സാധ്യതയും തള്ളിക്കളയാനാകില്ല. തൊഴില്‍ കണക്കുകള്‍ പുറത്തുവിടുന്നതും സര്‍ക്കാര്‍ ഏജന്‍സികള്‍ നിര്‍ത്തിവെച്ചേക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം ലഭിക്കാതെ സാധാരണക്കാര്‍ വലയുമെന്ന് ഉറപ്പാണ്. സബ്സിഡി പദ്ധതികളുടെ നടത്തിപ്പും അവതാളത്തിലാകും. ദേശീയ പാർക്കുകൾ, മ്യൂസിയങ്ങൾ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനം നിലയ്ക്കും. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയിലും ഇതിന്‍റെ പ്രതിഫലനം ഉണ്ടാകും. 2018 ല്‍ ട്രംപിന്‍റെ ആദ്യ ഭരണകാലത്ത് 35 ദിവസം അമേരിക്ക അടച്ചുപൂട്ടിയിരുന്നു. 1981 ന് ശേഷം പതിനാഞ്ചാമത്തെ അടച്ചു പൂട്ടലിനാണ് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group