തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിച്ച് സമരം നടത്തുകയാണ്. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ശമ്പള പരിഷ്കരണം നടപ്പാക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ട്രാൻസ്ഫർ അശാസ്ത്രീയമാണ്. പുതിയ നിയമനം നടത്താതെ ഡോക്ടർമാരെ പുനർവിന്യസിച്ചുള്ള താത്കാലിക സംവിധാനം അവസാനിപ്പിക്കണം. പല മെഡിക്കൽ കോളജുകളിലും പ്രാഥമിക ചികിത്സ പോലും ലഭ്യമാക്കുക പ്രയാസകരമാണ്.
ഇടുക്കിയിലും കോന്നിയിലും മിനിമം സംവിധാനങ്ങൾക്കുള്ള ഡോക്ടർമാർ പോലുമില്ലെന്ന് ഡോ. റോസറീന ബീഗം പറഞ്ഞു. പുതിയ മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് തസ്തികകൾ സൃഷ്ടിക്കണം. രോഗിപരിചരണത്തെ ബാധിക്കുന്ന സമരം നടത്തണം എന്ന് കരുതിയിരുന്നില്ല. ഇനി റിലെ അടിസ്ഥാനത്തിൽ ഒപി ബഹിഷ്കരണ സമരം നടത്തും.
സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം കടുപ്പിക്കും. സർക്കാർ മെഡിക്കൽ കോളജുകളിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ല. സർക്കാർ സാമ്പത്തിക പ്രതിസന്ധി പറഞ്ഞത് കൊണ്ട് കാര്യമില്ല. പുതിയ മെഡിക്കൽ കോളേജുകളിൽ സൂപ്പർ സ്പെഷ്യാലിറ്റി പോസ്റ്റുകൾ മാത്രം സൃഷ്ടിച്ചിട്ട് കാര്യമില്ല. രോഗി പരിചരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു.
ഇന്ന് ജൂനിയർ ഡോക്ടർമാരുടെയും പിജി ഡോക്ടർമാരുടെയും സേവനം മെഡിക്കൽ കോളേജുകളിൽ ഉണ്ടായിരിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 28 മുതൽ റിലേ അടിസ്ഥാനത്തിൽ സമരം നടത്തുമെന്ന് കെജിഎംസിടിഎ അറിയിച്ചു.
إرسال تعليق