Join News @ Iritty Whats App Group

'ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും ഡെഡിക്കേറ്റ് ചെയ്യുന്നു'; ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ കുറ്റബോധമില്ലാതെ സനൂപ്


കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോക്ടറെ വെട്ടിയ സംഭവത്തിൽ കുറ്റബോധമില്ലാതെ പ്രതി സനൂപ്. താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്ന് സനൂപിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സംഭവത്തിൽ യാതൊരു കുറ്റബോധവുമില്ലാതെയായിരുന്നു സനൂപിന്‍റെ പ്രതികരണം. തന്‍റെ ആക്രമണം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ആരോഗ്യവകുപ്പിനും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നായിരുന്നു സനൂപിന്‍റെ പ്രതികരണം. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. വധശ്രമത്തിന് പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആയുധം ഉപയോഗിച്ച് മര്‍ദിക്കുക എന്നീ വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെട്ടേറ്റ ഡോക്ടര്‍ വിപിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് വെട്ടേറ്റ ഡോക്ടർ വിപിൻ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിപിന്‍റെ ആരോഗ്യനില ഗുരുതരമല്ലെന്നും തൃപ്തികരമാണെന്നും ഡിഎംഒ ഡോ. കെ രാജാറാം പറഞ്ഞു. തലയോട്ടിക്ക് പൊട്ടലുള്ള വിപിന് തലയോട്ടിക്ക് മൈനർ സർജറി വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആണുബാധ ഉണ്ടാവാതിരിക്കാനാണ്‌ ഡോക്ടരെ ശസ്ത്രക്രിയക്ക് വിധേയനാക്കുന്നത്. ഡോക്ടർ വിപിനെ ന്യൂറോ സർജറി ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. രക്ത സമ്മർദ്ദം ഉൾപ്പെടെ എല്ലാം സാധാരണ നിലയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപത് വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ഇയാൾ ആരോപിച്ചിരുന്നു. മകളെ കൊന്നില്ലേ എന്ന് ആക്രേശിച്ചായിരുന്നു ആക്രമണം. സനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രണ്ട് മക്കളുമായാണ് അക്രമി ആശുപത്രിയിലെത്തിയത്. സൂപ്രണ്ടിനെ ലക്ഷ്യം വെച്ചാണ് സനൂപ് എത്തിയത്. രണ്ട് കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു. സനൂപിന്‍റെ മകള്‍ മസ്തിഷ്കജ്വരം ബാധിച്ചാണ് മരിച്ചത്. പനി ബാധിച്ച കുട്ടിയുമായി പിതാവ് ആദ്യം എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് അവിടെ വെച്ച് കുട്ടിക്ക് അസുഖം കൂടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുമ്പ് 9 വയസുകാരിയായ അനയ മരിക്കുകയായിരുന്നു. കുഞ്ഞിന്‍റെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നും മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല എന്നുമാണ് സനൂപും കുടുംബവും ആരോപിക്കുന്നത്. ഡോക്ടറുടെ തലയ്ക്ക് ഗുരുതരമയ പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രിയിലെ ലാബ് ജീവനക്കാരന്‍ പറയുന്നത്. വളരെ പെട്ടെന്നുള്ള ആക്രമണമായിരുന്നു. എന്‍റെ മകളെ കൊന്നവനല്ലെ എന്ന് ആക്രോശിച്ചായിരുന്നു ഡോക്ടറെ വെട്ടിയതെന്നും ഡോക്ടറുടെ തലയില്‍ ഗുരുതരമായി മുറിവുണ്ട് എന്നും ഇയാൾ പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group