Join News @ Iritty Whats App Group

ഒരു സീറ്റ് കവറിന് 2500 മുതല്‍ 3000 വരെ ലാഭം, 29,20,000 തട്ടിയത് ബിസിനസ് പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച്, യുവാവ് പിടിയില്‍

കല്‍പ്പറ്റ:തനിക്കൊപ്പം കച്ചവടത്തിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് വയനാട് തൃക്കൈപ്പറ്റ സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവിനെ കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. കാക്കവയല്‍ കളത്തില്‍ വീട്ടില്‍ അഷ്‌കര്‍ അലി(36)യെയാണ് അറസ്റ്റ് ചെയ്തത്. വലിയ ലാഭം ലഭിക്കുന്ന സീറ്റ് കവര്‍ ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ലക്ഷങ്ങള്‍ തട്ടിയതെന്നാണ് പരാതി. ഒരു സീറ്റ് കവറിന് 2500 മുതല്‍ 3000 രൂപ വരെ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് തൃക്കൈപ്പറ്റ സ്വദേശിയില്‍ നിന്ന് 2023 ജനുവരി മുതല്‍ 2024 ജനുവരി വരെ വിവിധ അക്കൌണ്ടുകളിലായി 29,20,000 രൂപയാണ് പല തവണകളായി അഷ്‌കര്‍ അലി പരാതിക്കാരനില്‍ നിന്ന് കൈപ്പറ്റിയിരുന്നത്.

പണം മുഴുവന്‍ ലഭിച്ചതിന് ശേഷം ലാഭ വിഹിതം നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതെ തട്ടിപ്പ് നടത്തുകയായിരുന്നുവെന്നാണ് പരാതി. ആദ്യമൊക്കെ ചെറിയ തുകകള്‍ ലാഭവിഹിതമായി നല്‍കുകയും പിന്നീട് കൂടുതല്‍ പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് വിവിധ അക്കൌണ്ടുകളിലൂടെ പണം തട്ടിയെടുക്കുകയുമായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ ഷാജഹാന്റെ നേതൃത്വത്തിലാണ് പരാതിയില്‍ അന്വേഷണം നടക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group