തിരുവനന്തപുരം: ഒരു ഉത്തരക്കടലാസ് കഴിഞ്ഞ് കുറച്ചധികം ദിവസങ്ങളായി മലയാളികൾ സോഷ്യൽ മീഡിയയിൽ ഒരുപാട് ഷെയർ ചെയ്തിരുന്നു. വാട്‌സ്ആപ്പിൽ സ്റ്റാറ്റസായും ഇൻസ്റ്റ സ്റ്റോറിയായും റീലായും ഫെയ്സ്ബുക്കിൽ നീണ്ട കുറിപ്പുകളായും അത് പറന്നു. തലശേരിക്കാരൻ അഹാൻ തന്‍റെ മൂന്നാം ക്ലാസ് പരീക്ഷയ്ക്ക് എഴുതിയ ഉത്തരം ലോകത്തിനാകെയുള്ള സന്ദേശമാണ് പകർന്നത്, 'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്' എന്നായിരുന്നു അത്. ഇപ്പോൾ എല്ലാവരെയും ചേര്‍ത്ത് പിടിക്കണമെന്ന സന്ദേശം പകര്‍ന്ന അഹാൻ മുഖ്യമന്ത്രിയെ കാണാൻ എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അഹാനെ കണ്ടതിന്‍റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെയും അഹാൻ കണ്ടു.
മുഖ്യമന്ത്രിയുടെ വാക്കുകൾ
"ജയിച്ചവർ തോറ്റവരെ കളിയാക്കരുത്" - ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി ഇങ്ങനെ സ്വന്തം വാക്കുകളിൽ എഴുതിയാണ് അഹാൻ അനൂപ് സമൂഹത്തിന്‍റെ ശ്രദ്ധ ആകർഷിച്ചത്. തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യുപി സ്കൂളിലെ വിദ്യാർത്ഥിയായ അഹാന്‍റെ ഈ ഉത്തരം ഉൾക്കൊള്ളുന്ന സന്ദേശം വളരെ വലുതാണ്.
കൊച്ചുമിടുക്കൻ അഹാൻ മാതാപിതാക്കളോടൊപ്പം ഇന്ന് നിയമസഭാ മന്ദിരത്തിൽ വന്ന് കണ്ടിരുന്നു. പരസ്പര സ്നേഹത്തിന്‍റെ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഒരുപാട് ഉയരങ്ങളിലെത്താൻ അഹാന് സാധിക്കട്ടെ എന്നാശംസിക്കുന്നു.
വി ശിവൻകുട്ടിയുടെ വാക്കുകൾ
പരീക്ഷാ പേപ്പറിൽ "ജയിച്ചവർ തോറ്റവരെ കളിയാക്കരുത്" എന്ന വലിയ സന്ദേശം കുറിച്ചുവെച്ച മിടുക്കനെ ഇന്ന് നിയമസഭയിൽ വെച്ച് കണ്ടുമുട്ടി. തലശ്ശേരി ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യു.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി അഹാൻ അനൂപ് ആണ് ആ താരം. സഭയിലെത്തിയ അഹാനെ നേരിൽ കാണാനും സംസാരിക്കാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ചെറിയ പ്രായത്തിൽ തന്നെ ഇത്രയും പക്വതയാർന്നതും മൂല്യവത്തായതുമായ ഒരു ചിന്ത പങ്കുവെച്ച അഹാൻ ഏവർക്കും മാതൃകയാണ്.
അറിവിനൊപ്പം തിരിച്ചറിവും നേടുന്ന ഒരു തലമുറ ഇവിടെ വളർന്നുവരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകളിലൊന്നാണിത്. ഇതുപോലുള്ള കുഞ്ഞുങ്ങളാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തും ഭാവിയും. നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങനെയാണ് മുന്നേറുന്നത്. അഹാനും അവനെ ഈ നിലയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ച അധ്യാപകർക്കും രക്ഷിതാക്കൾക്കും എന്‍റെ അഭിനന്ദനങ്ങൾ. പ്രിയപ്പെട്ട അഹാന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
Post a Comment