ഇരിട്ടി: കുന്നോത്ത് മേഖല മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ പരമ്ബരാഗത ക്രിസ്തീയ പലഹാരങ്ങളുടെ മത്സരവും, പ്രദർശനവും മാടത്തില്‍ സെന്‍റ് സെബാസ്റ്റ്യൻ പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു.
പുതുതലമുറയ്ക്ക് അന്യമാകുന്ന പരമ്ബരാഗതമായ ക്രിസ്തീയ വിഭവങ്ങളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പലഹാരമേള പുത്തൻ അനുഭവമായി.
തനത് സുറിയാനി ക്രിസ്ത്യാനി സ്ത്രീകളുടെ വേഷമായ ചട്ടയും മുണ്ടും ധരിച്ച് എത്തിയ മത്സരാർഥികള്‍ പലഹാരമേളയുടെ മറ്റൊരു ആകർഷണമായി. കൂടാതെ പഴയ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍, ചിരട്ടത്തവി, ഉരുളി, ഉറി, പെട്രോമാക്സ് വിളക്ക് തുടങ്ങി പഴമയിലേക്കൊരു തിരിച്ചുപോക്ക് തന്നെയായിരുന്നു മത്സരം.
പഴയ തലമുറയിലെ അമ്മച്ചിമാരോടു ചോദിച്ചറിഞ്ഞും, അന്വേഷിച്ചും കണ്ടെത്തിയ വ്യത്യസ്തയിനം പലഹാരങ്ങള്‍ പഴമയും തനിമയും പെരുമയും ചോരാതെ ഒരുക്കിക്കൊണ്ട് ഏഴു യൂണിറ്റിലെ മാതൃവേദി അംഗങ്ങള്‍ മത്സരത്തില്‍ പങ്കാളികളായി. പഴമയുടെ രുചിക്കൂട്ടും അമ്മമാരുടെ കൈപുണ്യവും ഒന്നിച്ചപ്പോള്‍ 140 ഓളം വ്യത്യസ്ത വിഭവങ്ങളാണ് ഒരുക്കിയത്.
ആവേശം അലതല്ലിയ മത്സരത്തില്‍ കച്ചേരിക്കടവ്, മാടത്തില്‍, പെരിങ്കരി യൂണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ആനപ്പന്തി, കുന്നോത്ത്, ചരള്‍, മുടയെരിഞ്ഞി യൂണിറ്റുകള്‍ പ്രോത്സാഹന സമ്മാനത്തിനും അർഹരായി. മേഖല ഡയറക്ടർ ഫാ. സോജൻ കരോട്ട്, ആനിമേറ്റർ സിസ്റ്റർ സോണിയ, മേഖല പ്രസിഡന്‍റ് സോളി ആഞ്ഞിലിത്തോപ്പില്‍, സെക്രട്ടറി ജീന കുളത്തിങ്കല്‍, ജിജി ചാലില്‍, ഷീന പാലയ്ക്കല്‍, രാജി കാരക്കാട്ട്, നിഷ കളമ്ബുകാട്ട്, ലീലാമ്മ മണ്ണാപറമ്ബില്‍ എന്നിവർ നേതൃത്വം നല്‍കി.
إرسال تعليق