Join News @ Iritty Whats App Group

കൃത്യമായി വായ്പ തിരിച്ചടക്കുന്ന സംഘങ്ങൾക്ക് പലിശ തുകയുടെ 5% ഇൻസെന്റീവ് നൽകാൻ കേരള ബാങ്ക്

തിരുവനന്തപുരം:കൃത്യമായി വായ്പ തിരിച്ചടക്കുന്ന സംഘങ്ങൾക്ക് പലിശ തുകയുടെ 5% ഇൻസെന്റീവ് നൽകാൻ കേരള ബാങ്കിന്റെ തീരുമാനം. 2024-25 വർഷത്തെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ചാണ് പുതിയ നീക്കമെന്ന് കേരള ബാങ്ക് പ്രസിഡന്റ് ശ്രീ. ഗോപി കോട്ടമുറിയ്ക്കൽ അറിയിച്ചു. തിരുവനന്തപുരം അൽസാജ് കൺവെൻഷൻ സെന്ററിൽ സെപ്റ്റംബർ 19-ാം തീയതിയാണ് പൊതുയോഗം ചേർന്നത്. സംഘങ്ങൾക്ക് അനുവദിച്ച് നൽകുന്ന ജനറൽ ബാങ്കിംഗ് ക്യാഷ് ക്രെഡിറ്റ് (GBCC) വായ്പകളുടെ പലിശ 10.25 ശതമാനത്തിൽ നിന്ന് 9.75 ശതമാനമായും സംഘങ്ങൾക്ക് നൽകുന്ന ഗോൾഡ് ലോൺ ക്യാഷ് ക്രെഡിറ്റ് വായ്പ പലിശ 9 ശതമാനത്തിൽ നിന്ന് 8.90 ശതമാനമായും കുറച്ചിട്ടുണ്ട്. സംഘങ്ങളുടെയും വ്യക്തികളുടെയും 15 ലക്ഷം രൂപക്കു മുകളിലുള്ള ബൾക്ക് നിക്ഷേപങ്ങൾക്ക് 0.5% പലിശ കൂടുതൽ നൽകിവരുന്നു.

2020 നവംബറിൽ ചുമതലയേറ്റ കേരള ബാങ്കിന്റെ തെരഞ്ഞെടുത്ത ആദ്യ ഭരണസമിതിയുടെ കാലാവധി ഈ വർഷം അവസാനിക്കുകയാണ്. ഈ 5 വർഷത്തെ പ്രവർത്തനത്തിലൂടെ ബിസിനസിൽ 19,912 കോടി രൂപയാണ് വർദ്ധിച്ചത്. 2019-20 ൽ 1,01,194 കോടി രൂപയായിരുന്ന ബിസിനസ് 2024-25 ൽ 1,21,106 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ടെന്നും കണക്കുകൾ. ബാങ്കിന്റെ വായ്പാ ബാക്കിനിൽപ്പ് നിലവിൽ 51,000 കോടി രൂപയ്ക്കു മുകളിലാണ്. ഇതിൽ 27% തുക ബാങ്കിന്റെ അഞ്ചര ലക്ഷത്തിലധികം വരുന്ന കാർഷിക വായ്പാ ഇടപാടുകാർക്കാണ് വിതരണം ചെയ്യുന്നത്. 12% തുക സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലക്കും 25% തുക പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കുമാണ് അനുവദിച്ചിട്ടുള്ളതെന്നും യോഗത്തിലൂടെ അറിയിച്ചു.

14 വ്യത്യസ്ത സോഫ്റ്റ്‌വെയറിൽ പ്രവർത്തിച്ചിരുന്ന ബാങ്കിന്റെ ഐടി സംയോജനം വളരെ വേഗം പൂർത്തികരിച്ച് യുപിഐ സേവനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ മൊബൈൽ ബാങ്കിംഗ് സേവനങ്ങളും 2023 മുതൽ കേരള ബാങ്ക് വഴി സഹകരണ മേഖലയിലെ ഉപഭോക്താക്കൾക്ക് നൽകി. ചുരുങ്ങിയ കാലം കൊണ്ട് എട്ട് കോടിയിലധികം ഇടപാടുകളിലായി 16000 കോടിയിലധികം രൂപയുടെ ഇടപാടുകൾ ബാങ്കിന്റെ യുപിഐ സേവനം വഴി നടന്നു. 70,763.11 കോടി രൂപയുടെ നിക്ഷേപമാണ് കേരള ബാങ്കിലുളളത്. ബാങ്ക് നിലവിൽ നടപ്പാക്കുന്ന 100 ദിന സ്വർണ്ണപ്പണയ വായ്പാ ക്യാമ്പെയിനിലൂടെ 57 ദിവസംകൊണ്ട് സ്വർണ്ണപ്പണയ വായ്പയിൽ 1267 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായതെന്നും യോഗത്തിൽ പറഞ്ഞു

Post a Comment

أحدث أقدم
Join Our Whats App Group