ഇരിട്ടി: വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനുള്ള വനംവകുപ്പിന്‍റെ ഹെല്‍പ്പ് ഡെസ്ക്കുകളില്‍ പരാതി പ്രവാഹം. മൂന്നുദിവസത്തിനുള്ളില്‍ 134 പരാതികളാണ് ലഭിച്ചത്.
കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ശല്യത്തെക്കുറിച്ചുള്ള പരാതികളാണ് കൂടുതല്‍. എന്നാല്‍, ഈ രണ്ടുതരം പരാതികളിലും വനംവകുപ്പിന് കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് ഇവയെ വെടിവച്ച് കൊല്ലാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് നല്‍കിയതിനാല്‍ ഇത്തരം പരാതികള്‍ പഞ്ചായത്തുകള്‍ക്ക് കൈമാറുകയാണ് വനംവകുപ്പ് ചെയ്യുക. നാട്ടിൻപുറങ്ങള്‍ക്കൊപ്പം ടൗണുകളിലും കുരങ്ങ് ശല്യം രൂക്ഷമാണ്. കുരങ്ങുകള്‍ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട ജീവിയായതിനാല്‍ ഇതുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് താഴെ തട്ടില്‍ പരിഹാരവും നിർദേശിക്കാനും വകുപ്പിന് പറ്റില്ല.
കുരങ്ങുകളെ കൂട് സ്ഥാപിച്ച് പിടിച്ച് വനമേഖലകളിലേക്ക് വിടുക മാത്രമാണ് വനം വകുപ്പിന്‍റെ മുന്നില്‍ ഇപ്പോഴുള്ള പോംവഴി. ഇത് പ്രയോഗികമായി നടപ്പിലാക്കുക ബുദ്ധിമുട്ടേറിയതും ചിലവ് കൂടിയതുമാണ്.
വന്യജീവി സംഘർഷം പരിഹരിക്കുന്നതിനും ജനങ്ങളുടെയും വന്യജീവികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാർ 45 ദിവസം നീളുന്ന ഒരു തീവ്രയജ്ഞ പരിപാടി എന്ന നിലയിലാണ് ഹെല്‍പ്പ് ഡെസ്ക്ക് തുടങ്ങിയത്. വനം വകുപ്പിനെ കൂടുതല്‍ ജനസൗഹൃദപരമാക്കുകയും ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെന്ന് പ്രശ്നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്തുകയുമാണ് ഇതിന്‍റെ ലക്ഷ്യം.
Post a Comment