Join News @ Iritty Whats App Group

പാകിസ്ഥാന് നിർണായക വിവരങ്ങൾ ചോർത്തി നൽകി; ഡിആർഡിഒ ഗസ്റ്റ് ഹൗസ് മാനേജർ അറസ്റ്റിൽ

ജയ്പൂർ: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ ഡിഫൻസ് റിസർച്ച് ആന്‍റ് ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ (ഡി ആർ ഡി ഒ) ജീവനക്കാരനെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്സാൽമീറിലാണ് സംഭവം. ചന്ദൻ ഫീൽഡ് ഫയറിങ് റേഞ്ചിലെ ഡി ആർ ഡി ഒ ഗസ്റ്റ് ഹൗസ് മാനേജരായിരുന്ന മഹേന്ദ്ര പ്രസാദ് (32) ആണ് അറസ്റ്റിലായത്. പൊലീസ് സിഐഡി (സുരക്ഷ) ഇന്‍റലിജൻസ് ആണ് അറസ്റ്റ് ചെയ്തത്. ഇയാൾ പാക് ഇന്‍റലിജൻസ് ഏജന്‍റുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഇന്ത്യയുടെ പ്രതിരോധ മേഖലയെ കുറിച്ച് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നുമാണ് കണ്ടെത്തൽ.


സ്വാതന്ത്ര്യ ദിനാഘോഷങ്ങളോട് അനുബന്ധിച്ച്, രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോയെന്ന് നിരീക്ഷണം നടത്തിവരികയായിരുന്നുവെന്ന് സി ഐ ഡി (സെക്യൂരിറ്റി) ഐജി ഡോ വിഷ്ണു കാന്ത് പറഞ്ഞു. ഈ നിരീക്ഷണത്തിനിടെയാണ് ഡി ആർ ഡി ഒ ഗസ്റ്റ് ഹൗസിലെ കരാർ ജീവനക്കാരനായ മഹേന്ദ്ര പ്രസാദിനെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മഹേന്ദ്ര പ്രസാദ് ഡി ആർ ഡി ഒയിലെ താത്കാലിക ജീവനക്കാരനാണ്.

ഉത്തരാഖണ്ഡിലെ അൽമോറയിലെ പാല്യുൺ സ്വദേശിയാണ് മഹേന്ദ്ര പ്രസാദ്. ഇയാൾ സോഷ്യൽ മീഡിയ വഴി പാക് ഇന്‍റലിജൻസ് ഏജൻസിയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. മിസൈൽ, ആയുധ പരീക്ഷണങ്ങൾക്കായി ചന്ദൻ ഫീൽഡ് ഫയറിങ് റേഞ്ച് സന്ദർശിക്കുന്ന ഡിആർഡിഒ ശാസ്ത്രജ്ഞരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മഹേന്ദ്ര പ്രസാദ് കൈമാറിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ജയ്സാൽമീറിലുള്ള ഈ കേന്ദ്രം തന്ത്രപ്രധാനമായ പ്രതിരോധ ഉപകരണങ്ങൾ പരീക്ഷിക്കുന്നതിനുള്ള നിർണായക സ്ഥലമാണ്.


കസ്റ്റഡിയിലെടുത്ത ശേഷം മഹേന്ദ്ര പ്രസാദിനെ സുരക്ഷാ ഏജൻസികൾ സംയുക്തമായി ചോദ്യം ചെയ്തു. മൊബൈൽ ഫോൺ വിശദമായ സാങ്കേതിക പരിശോധനയ്ക്ക് അയച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ മഹേന്ദ്ര പ്രസാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സി ഐ ഡി (സെക്യൂരിറ്റി) ഐജി ഡോ വിഷ്ണു കാന്ത് പറഞ്ഞു. മറ്റാർക്കെങ്കിലും മഹേന്ദ്ര പ്രസാദിനൊപ്പം ചാരവൃത്തിയിൽ പങ്കാളികളായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.


ഇന്ത്യയുടെ തന്ത്രപ്രധാന സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള ചാരവൃത്തി അതീവ ഗൌരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ കാണുന്നത്. പ്രത്യേകിച്ച് തന്ത്രപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്നവരോട്, ജാഗ്രത പാലിക്കാനും സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും സുരക്ഷാ ഏജൻസികൾ ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post
Join Our Whats App Group