Join News @ Iritty Whats App Group

വോട്ടർ പട്ടികയിലെ ക്രമക്കേട് അന്വേഷിക്കാൻ കർണാടക സർക്കാർ; നിയമ വകുപ്പിന് നിർദേശം നൽകി സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് സംസ്ഥാന സർക്കാർ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനോട് അന്വേഷിക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധി പുറത്തുവിട്ട രേഖകൾ ഉൾപ്പെടെ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


അതിനിടെ ബെംഗളൂരുവിലെ വികസന പദ്ധതികൾക്കുള്ള ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലുള്ള ഐഐഐടി ക്യാമ്പസിൽ ആണ് പരിപാടി. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മോദി ഈ പരിപാടിയിൽ മറുപടി പറയാനിടയുണ്ട്. നാളെ കർണാടക നിയമസഭാ സമ്മേളനം തുടങ്ങും. സമ്മേളനത്തിൽ ഈ വിഷയം സജീവമായി ഉയർത്താനാണ് കോൺഗ്രസ് തീരുമാനം.


വോട്ടർ പട്ടിക ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് നേരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. കർണാടകയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. മഹാദേവപുര എന്ന നിയമസഭാ മണ്ഡലത്തിൽ ഇരട്ട, വ്യാജവോട്ടുകൾ വ്യാപകമായി വോട്ടർ പട്ടികയിലുണ്ടെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.</p><p>ഈ മണ്ഡലം അടങ്ങുന്ന ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ പൊരുത്തക്കേടുകൾ രാഹുൽ ഗാന്ധി പുറത്തുവിട്ടതും അനുബന്ധ രേഖകളും നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാഹുലിന്റെ ആരോപണത്തിൽ അന്വേഷണം തുടങ്ങിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിരീകരിച്ചു. രാഹുൽ ഗാന്ധി ഉന്നയിച്ച രേഖകൾ പരിശോധിച്ച് വരികയാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ കെ അൻപുകുമാർ അറിയിച്ചെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും വ്യക്തമാക്കി.


അതേസമയം രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർ പട്ടിക ക്രമക്കേടിൽ രാഷ്ട്രീയ പോര് മുറുകവേ കർണാടക സർക്കാരിനെ കൊണ്ട് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാനും നീക്കം ശക്തമാണ്. 16 ന് കർണാടക മന്ത്രിസഭ യോഗം ചേർന്ന് വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് ആലോചിക്കുമെന്നാണ് വിവരം. രാഹുൽ ഗാന്ധി സത്യവാങ്മൂലം നൽകണം എന്നാവശ്യപ്പെടുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് സ്വമേധയാ കേസെടുക്കുന്നില്ലെന്ന ചോദ്യമാണ് കോൺഗ്രസ് ഉയർത്തുന്നത്.


രാഹുൽ ഗാന്ധി ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി തേടിയുള്ള പ്രക്ഷോഭം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. തിങ്കളാഴ്ച എഐസിസി ഭാരവാഹികളുടെ യോഗം ദില്ലിയിൽ ചേർന്ന് അടുത്ത നടപടികൾ തീരുമാനിക്കും. ഇന്ത്യ സഖ്യ നേതാക്കൾ തിങ്കളാഴ്ച പാർലമെൻറിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച് നടത്തും എന്നറിയിച്ചിട്ടുണ്ട്. ഇതിന് ശേഷം ഈ മാസം 16 മുതൽ രാഹുലും തേജസ്വി യാദവും ചേർന്ന് ബിഹാറിലെ നൂറ് നിയമസഭ സീറ്റുകളിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിക്കും. സെപ്തംബർ ഒന്നിന് പാറ്റ്നയിൽ നടക്കുന്ന മഹാറാലിയിൽ തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും അടക്കമുള്ള കക്ഷികൾ പങ്ക് ചേരാനാണ് സാധ്യത.</p><p>രാഹുൽ ഗാന്ധിയുടെ നീക്കം ചീറ്റിയെന്ന് പ്രതികരിക്കുന്ന ബി ജെ പി തെരഞ്ഞെടുപ്പ് കമ്മീഷനെ ശക്തമായി ന്യായീകരിക്കുകയാണ്. നിയമ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകാൻ മടിക്കുന്നതെന്തിനെന്ന ചോദ്യമാണ് ബിജെപി ആവർത്തിക്കുന്നത്. രാഹുൽ അപക്വമായ ആരോപണങ്ങൾ ഉന്നയിച്ച് അരാജകത്വം പടർത്താനാണ് ശ്രമിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group