Join News @ Iritty Whats App Group

‘നവാസിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നു; ശരീരമൊക്കെ നന്നായി സൂക്ഷിക്കുന്ന ആളാണ് ‘; ഞെട്ടലില്‍ സഹപ്രവര്‍ത്തകര്‍

നവാസിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടലിലാണ് സഹപ്രവര്‍ത്തകര്‍. അദ്ദേഹത്തിന്റെ ഇന്ന് ഷൂട്ടിംഗ് ഉണ്ടായിരുന്നു. അതിനുശേഷം റൂമിലേക്ക് എത്തി. പിന്നീട് ഈ വിവരമാണ് പുറത്തുവരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

ഫ്‌ളവേഴ്‌സിന്റെ പ്രോഗ്രാം ഷൂട്ടിനിടെയാണ് വിവരമറിയുന്നതെന്ന് കലാഭവന്‍ ഷാജോണ്‍ പറഞ്ഞു. ചോറ്റാനിക്കരയിലേക്ക് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. അസുഖങ്ങളുള്ളതായി അറിയില്ലെന്നും ഷാജോണ്‍ വ്യക്തമാക്കി.

വിയോഗം ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടില്ലെന്ന് നടന്‍ ബിജുക്കുട്ടന്‍ പറഞ്ഞു. അടുത്ത ബന്ധമുള്ളയാളാണ്. ഒരുപാട് നല്ല വേഷങ്ങള്‍ ചെയ്തുകൊണ്ടിരിക്കുയാണ്. ആ സമയത്താണ് വിയോഗം. ഇന്നലെക്കൂടി സംസാരിച്ചയാള്‍ വേര്‍പെട്ടെന്നു പറയുന്നത് വല്ലാത്ത വേദനയാണ് – അദ്ദേഹം പറഞ്ഞു.



വിയോഗം വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് സാജന്‍ പള്ളുരുത്തി പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉള്ളതായി അറിയില്ലെന്നും സജീവമായി വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറെ അടുപ്പമുള്ള കുടുംബമാണ്. വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്തുപറയണമെന്ന് അറിയില്ല. വല്ലാത്ത വിഷമാവസ്ഥയിലാണ് – അദ്ദേഹം വ്യക്തമാക്കി.



നവാസിനെ കുറിച്ച് ഇങ്ങനെ ആലോചിക്കാന്‍ പറ്റുന്നില്ലെന്ന് അന്‍സാര്‍ കലാഭവന്‍ പ്രതികരിച്ചു. ശരീരമൊക്കെ നന്നായി സൂക്ഷിക്കുന്ന ആളാണ്. മദ്യപാനമുള്‍പ്പടെയുള്ള ഒരു ദുസ്വഭാവങ്ങളുമില്ല. ഭക്ഷണകാര്യത്തിലൊക്കെ നല്ല ശ്രദ്ധയാണ്. അത് എല്ലാവര്‍ക്കുമറിയാം. വര്‍ഷങ്ങളായി അടുത്ത് അറിയാവുന്ന വ്യക്തിയാണ്. ഒരുപാട് വേദികളില്‍ ഒരുമിച്ച് നിന്നതാണ്. തൊണ്ണൂറുകളിലാണ് നവാസ് കലാഭവനിലേക്ക് വരുന്നത്. അപ്പോള്‍ മുതലുള്ള ബന്ധമാണ്. ഒരു പ്രശ്‌നങ്ങളുമില്ലാത്ത കുടുംബസ്ഥനായ വ്യക്തിയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്തയാള്‍ – അന്‍സാര്‍ കലാഭവന്‍ പറയുന്നു.



ചോറ്റാനിക്കരയിലെ വൃന്ദാവന്‍ ഹോട്ടല്‍ മുറിയില്‍ നവാസിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍ ചെക്ക്ഔട്ട് വൈകിയതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എത്തിയതായിരുന്നു നവാസ്. ആശുപത്രിയിലേക്ക് ഉടന്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group