ആലപ്പുഴ: ചേർത്തലയിലെ തിരോധാന കേസുകളിൽ പ്രതി സി എം സെബാസ്റ്റ്യന്‍റെ സഹായികളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപിച്ചു ക്രൈംബ്രാഞ്ച്. കൂടുതൽ ആളുകളെ ചോദ്യം ചെയ്താൽ കൃത്യമായ നിഗമനത്തിൽ എത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. അതേസമയം, ജൈനമ്മ കേസിൽ സെബാസ്റ്റ്യനെ വീണ്ടും ആറു ദിവസത്തെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.
ഏഴു ദിവസം കസ്റ്റഡിയിൽ വെച്ച് വിശദമായി ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യൻ അന്വേഷണത്തോട് സഹകരിക്കാത്തത് കൊണ്ടാണ് വീണ്ടും ക്രൈംബ്രാഞ്ച് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. സെബാസ്റ്റ്യന്‍റെ റിമാൻഡ് കാലാവധി തീരുന്ന പന്ത്രണ്ടാം തീയതി വരെയാണ് ഇയാളെ ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിൽ വിട്ടത്.
ആദ്യമയച്ച ശരീര അവശിഷ്ടങ്ങളുടെ ഡിഎൻഎ ഫലം അടുത്തദിവസം വന്നേക്കും. ഈ സാഹചര്യത്തിൽ കൂടിയാണ് സെബാസ്റ്റ്യനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. അറസ്റ്റ് ചെയ്ത ശേഷം ഇതുവരെയും സെബാസ്റ്റ്യൻ ജാമ്യാപേക്ഷ നൽകിയിട്ടില്ല. ഇന്നും ഇയാൾക്ക് വേണ്ടി കോടതിയിൽ അഭിഭാഷകൻ ഹാജരായില്ല.
നിയമസഹായത്തിന് സർക്കാർ അഭിഭാഷകനെ വേണമെങ്കിൽ അറിയിക്കണമെന്നാണ് ഏറ്റുമാനൂർ മജിസ്ട്രേറ്റ് സെബാസ്റ്റ്യനോട് പറഞ്ഞത്. കസ്റ്റഡിയിൽ ഇരിക്കുമ്പോൾ തന്നെ അഭിഭാഷകരുടെ സഹായം തേടാനുള്ള അവസരം പ്രതിക്ക് കൊടുക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി പറഞ്ഞു.
നിലവിൽ കാണാതായ സ്ത്രീകളുടെ തിരോധാന കേസുകൾ ഓരോന്നും പ്രത്യേക സംഘങ്ങൾ ആണ് അന്വേഷിക്കുന്നത്. എല്ലാ കേസിലും പ്രതിസ്ഥാനത്ത് സംശയിക്കപ്പെടുന്നത് സെബാസ്റ്റ്യൻ തന്നെ ആയതിനാൽ ഓരോ കേസിലും കിട്ടുന്ന തെളിവുകൾ മൊത്തത്തിലുള്ള അന്വേഷണത്തിന് സഹായകരമാകും എന്നാണ് വിലയിരുത്തൽ.
അതുകൊണ്ടാണ് സെബാസ്റ്റ്യനുമായി അടുപ്പമുള്ളവരിൽ നിന്ന് വിവരം തേടുന്നത് . ഇതിൽ തന്നെ മുമ്പ് ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ ക്രൈംബ്രാഞ്ച് നിരീക്ഷിക്കുന്നുണ്ട്.</p><p>ഇന്നലെ സെബാസ്റ്റ്യൻ സുഹൃത്ത് റോസമ്മയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും വീണ്ടും ഇവരെ ചോദ്യം ചെയ്യും. ഇതിനിടയിൽ കാണാതായ ബിന്ദു പത്മനാഭന്‍റെ സഹോദരൻ പ്രവീൺ ആലപ്പുഴ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി മൊഴിനൽകി. ഇയാളുടെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചു.
സെബാസ്റ്റ്യന്‍റെ ചില പണം ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളും ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ട്. ഈ പണത്തിന്‍റെഉറവിടം, എന്തിന് ചെലവഴിച്ചു എന്നതിലും ഇനി ഉത്തരം കിട്ടണം. കഴിഞ്ഞ നാളുകളിൽ സെബാസ്റ്റ്യൻ നടത്തിയ വസ്തു ഇടപാടുകൾ സംബന്ധിച്ചും ക്രൈം ബ്രാഞ്ച് വിശദമായ പരിശോധന നടത്തുകയാണ്
إرسال تعليق