Join News @ Iritty Whats App Group

ബസ് യാത്രയിൽ പോയ നാലര പവൻ സിറ്റൗട്ടിൽ, ഒപ്പം ഒരു കുറിപ്പും; 'വാട്സ് ആപ്പ് മെസേജ് കണ്ടു, വേണ്ട കെട്ടുതാലിയാണ്, വിഷമം തോന്നി, തിരിച്ചുവയ്ക്കുന്നു'


കാസർഗോഡ്: ഒരിക്കലും തിരിച്ചു കിട്ടാത്ത വിധത്തിൽ നഷ്ടമായെന്ന് കരുതിയ ഒന്ന് അപ്രതീക്ഷിതമായി തിരിച്ചു വരുമ്പോൾ മനസ് സന്തോഷത്താൽ നിറയും. ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ നഷ്ടപ്പെട്ട നാലര പവന്‍റെ സ്വർണമാല ഒരാഴ്ചയ്ക്കു ശേഷം വീടിന്‍റെ സിറ്റൗട്ടിൽ കൊണ്ടു വെച്ച് അജ്ഞാതൻ. ഒമ്പത് ദിവസമായി മാല തന്‍റെ കൈവശം ആയിരുന്നുവെന്നും വിഷമം തോന്നിയത് മൂലം അഡ്രസ്സ് തപ്പിപ്പിടിച്ചു കൊണ്ടു വെയ്ക്കുകയാണെന്നും എഴുതിയ കുറിപ്പിനൊപ്പമാണ് സ്വർണ്ണമാല വീട്ടിൽ കൊണ്ടു വെച്ചത്. 27 വർഷം മുമ്പ് ഭർത്താവ് കഴുത്തിൽ ചാർത്തിയ താലിമാല തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് കാസർകോട് പറമ്പത്ത് ഗീത.


"ഈ മാല കയ്യിൽ കിട്ടിയിട്ട് 9 ദിവസമായി. ആദ്യം സന്തോഷിച്ചു. കയ്യിൽ എടുക്കുന്തോറും ഒരു വിറയൽ. പിന്നെ കുറേ ആലോചിച്ചു. എന്തുചെയ്യണമെന്ന്. വാട്സ് ആപ്പ് മെസേജ് കണ്ടു. കെട്ടുതാലിയാണ്. അതോടെ തീരുമാനിച്ചു വേണ്ട, ആരാന്‍റെ മുതൽ വേണ്ട. അങ്ങനെ അഡ്രസ് കണ്ടുപിടിച്ചു. എന്നെ പരിചയപ്പെടുത്താൻ താത്പര്യമില്ല. ഇത്രയും ദിവസം കയ്യിൽ വച്ചതിന് മാപ്പ്. വേദനിപ്പിച്ചതിനും മാപ്പ്"- എന്ന കത്തിനൊപ്പമാണ് മാല തിരികെ കിട്ടിയത്.


ഭർത്താവ് പുറത്തു പോകാൻ ഇറങ്ങിയപ്പോഴാണ് മാലയും കത്തും വീടിന്‍റെ വരാന്തയിൽ കണ്ടതെന്ന് ഗീത പറഞ്ഞു. ആശ്ചര്യം തോന്നി. കഴുത്തിൽ നിന്ന് ഇതുവരെ ഊരിയിട്ടില്ല താലിമാല. 27 വർഷമായുള്ള അടുപ്പമാണ്. നഷ്ടമായപ്പോൾ രണ്ട് മൂന്ന് ദിവസം ഉറങ്ങാൻ പോലും കഴിഞ്ഞില്ല. നാട്ടിലെ പരമാവധി വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ വിവരം പറഞ്ഞു. എല്ലാവരോടും നന്ദി പറയുന്നു. തിരികെ കൊണ്ടുവച്ചത് ആരാണെന്ന് മനസ്സിലായിരുന്നെങ്കിൽ തന്നാൽ കഴിയുന്നത് സന്തോഷത്തോടെ നൽകുമായിരുന്നെന്നും ഗീത പറഞ്ഞു.


ഇനിയത് തിരിച്ചു കിട്ടില്ലെന്നാണ് കരുതിയതെന്ന് ഗീതയുടെ ഭർത്താവ് ദാമോദരൻ പറഞ്ഞു. ദൈവത്തിന്‍റെ സഹായം ഇതിലുണ്ട്. കിട്ടിയവൻ കഷ്ടകാലത്തിന് എടുത്തതാണെങ്കിൽ മുടിഞ്ഞുപോകട്ടെയെന്ന് പ്രാർത്ഥിക്കരുത്, അതുകൊണ്ട് അവനും കുടുംബവും നന്നാവട്ടെയെന്ന് പ്രാർത്ഥിക്കണമെന്നാണ് താൻ ഭാര്യയോട് പറഞ്ഞത്. ദൈവം അവന്‍റെ മനസ്സ് മാറ്റിയതാവാമെന്നും ദാമോദരൻ പറഞ്ഞു. വിവാഹത്തിന് ജ്യേഷ്ഠൻ വാങ്ങിത്തന്ന മാലയായിരുന്നു അതെന്നും അങ്ങനെയൊരു വൈകാരിക അടുപ്പം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അജ്ഞാതന് ഹൃദയം കൊണ്ട് നന്ദി പറയുകയാണ് ഗീതയും ദാമോദരനും

Post a Comment

أحدث أقدم
Join Our Whats App Group