Join News @ Iritty Whats App Group

ഇരിട്ടിയിൽ പുഴയോട് ചേര്‍ന്ന ഭാഗത്ത് സംസ്ഥാനപാതയില്‍ മണ്ണിടിച്ചില്‍

രിട്ടി: ഇരിട്ടി പുഴയോട് ചേർന്ന് സംസ്ഥാന പാത കടന്നുപോകുന്ന ഭാഗത്തെ മണ്ണിടിച്ചില്‍ ഭീതി പരത്തുന്നു. താന്തോട് ഭാഗത്താണ് കരയിടിച്ചില്‍ രൂക്ഷമായത്.


ഇതോടെ സംസ്ഥാനപാത തകരുന്ന അവസ്ഥയാണ്. റോഡിനോട് ചേർന്നുള്ള ഭാഗമാണ് പുഴയിലേക്ക് ഇടിഞ്ഞത്. ഇരിട്ടി-തളിപ്പറമ്ബ് സംസ്ഥാനപാതയുടെയും ഇരിട്ടി-ഉളിക്കല്‍ പാതയുടെയും ഭാഗമായ പ്രദേശമാണിത്.

കഴിഞ്ഞദിവസം റോഡരികിലെ ചെളി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ നീക്കുകയും റോഡരികിലെ കാട് വെട്ടിമാറ്റുകയും ചെയ്തപ്പോഴാണ് അപകടകരമായ രീതിയിലുള്ള മണ്ണിടിച്ചില്‍ ശ്രദ്ധയില്‍പ്പെട്ടത്. പുഴയോട് ചേർന്ന റോഡിന്‍റെ കുറച്ച്‌ ഭാഗത്ത് സംരക്ഷണ സംവിധാനം ഒരുക്കിയതിനു ചേർന്നാണ് കരയിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. വാഹനങ്ങളും കാല്‍നടയാത്രക്കാരും അപകടത്തില്‍പ്പെടാതിരിക്കാൻ സംരക്ഷണ വേലി സ്ഥാപിച്ചിരിക്കുകയാണ്.

ഭാരം കയറ്റിയ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡുകൂടിയാണിത്. ഓരോ കാലവർഷത്തിലും പുഴയോരം ചെറിയ തോതില്‍ ഇടിയാറുണ്ടെങ്കിലും മഴ ശക്തമായതോടെ മണ്ണിടിച്ചില്‍ വർധിച്ചിരിക്കുകയാണ്. ബാവലി, ബാരാപോള്‍ പുഴകള്‍ ഇരിട്ടി പോലീസ്‌റ്റേഷന് സമീപം പുഴയില്‍ വച്ചാണ് സംഗമിക്കുന്നത്. ഇരുപുഴകളിലും കുത്തൊഴുക്ക് ശക്തമാകുമ്ബോള്‍ തന്തോട് ഭാഗത്തും പുഴയില്‍ വെള്ളത്തിന്‍റെ ഒഴുക്ക് ശക്തമാകും. ഇതാണ് കരയിടിച്ചലിന് ഇടയാക്കുന്നത്.

ഇരിട്ടിയില്‍ ഉണ്ടായ പ്രളയത്തില്‍ പുഴനിറഞ്ഞ് തന്തോട് ഭാഗങ്ങളില്‍ റോഡിലേക്ക് വെള്ളം കയറിയിരുന്നു. ഇവിടെ പുഴയില്‍ ജലനിരപ്പ് ഉയരുന്നതും കരയിടിച്ചിലും തടയാൻ സ്ഥിരമായ സംവിധാനം ഒരുക്കാതെ താത്കാലിക നടപടികള്‍ മാത്രം സ്വീകരിക്കുന്ന പൊതുമരാമത്ത് വകുപ്പിന്‍റെ നടപടിയില്‍ പ്രതിഷേധം ശക്തമാണ്.

റോഡരികില്‍ പുഴയോരം ഇടിഞ്ഞ ഭാഗത്ത് ചുവന്ന തുണികൊണ്ട് മുന്നറിയിപ്പ് സ്ഥാപിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. രാത്രിയില്‍ ഇതുവഴി യാത്ര ചെയ്യുന്ന കാല്‍നടയാത്രക്കാർ ഉള്‍പ്പെടെ അപകടത്തില്‍പ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇരുചക്ര യാത്രക്കാരും കാല്‍ നടയാത്രക്കാരുമാണ് വലിയ അപകട ഭീഷണി നേരിടുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group