Join News @ Iritty Whats App Group

ആറളത്തെ ആനമതിൽ നിർമ്മാണം സംബന്ധിച്ച കേസ് വീണ്ടും മാറ്റി

ഇരിട്ടി : ഹൈക്കോടതിയുടെ പരിഗണനയിലുള്ള ആറളത്തെ ആനമതിൽ നിർമ്മാണം സംബന്ധിച്ച കേസ് വീണ്ടും മാറ്റി. മതിൽ നിർമ്മാണ കരാറിൽ നിന്നും പുറത്താക്കിയ കരാറുകാരൻ ഹൈക്കോടതിയിൽ സമർപ്പിച്ച പരാതി പരിഗണിക്കുന്നത് കോടതി വീണ്ടും അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചതോടെ മതിൽ നിർമ്മാണം വീണ്ടും പ്രതിസന്ധിയിലായി.  
കരാർ കാലാവധിക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയാതെ കരാറുകാരന് നിരവധി തവണ കാലാവധി നീട്ടിനൽകിയിട്ടും പകുതി ദൂരം പോലും മതിൽ നിർമ്മാണം പൂർത്തിയാകാതെ വന്നതോടെയാണ് കരാറുകാരനെ ഒഴിവാക്കിയത് . 



തുടർന്ന് പൊതുമരാമത്ത് പുതിയ ടെൻഡർ നടപടികൾ ആരംഭിച്ചിരുന്നു. ഇതിനെതിരെയാണ് പുറത്താക്കിയ കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഫിയലിൽ സ്വീകരിച്ച കോടതി ടെൻഡർ നടപടികൾ തുടരാനും എന്നാൽ ടെൻഡർ അനുവദിച്ച നിർമ്മാണം പുതിയ കരാറുകാരനെ ഏൽപ്പിക്കുന്നത് കോടതിയുടെ അന്തിമാനുമതിയോടെ ആയിരിക്കണമെന്നും ഉത്തരവ് ഇറക്കിയിരുന്നു. കരാർ സംബന്ധിച്ചും നേരത്തെ എടുത്ത നടപടിക്രമങ്ങൾ സംബന്ധിച്ചും പൊതുമരാമത്ത് കട്ടിട നിർമ്മാണ വകുപ്പിൽ നിന്നും കോടതിക്ക് വിവരങ്ങൾ കൈമാറുന്നതിൽ ഉണ്ടായ കാലതാമസമാണ് കേസ് വീണ്ടും മാറ്റുന്നതിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നത്‌ .



ആനമതിലിന്റെ അവശേഷിക്കുന്ന ആറു കിലോമീറ്റര് ദൂരം 29 കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയ പൊതുമരാമത്ത് വകുപ്പ് കോടതിയുടെ അനുമതിക്കായി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ടെൻഡർ നടപടികൾ പൂർത്തിയായി പ്രവൃത്തി ആരംഭിക്കണമെങ്കിൽ കോടതിയുടെ ഉത്തരവ് കൂടി ലഭിക്കണം. രണ്ടു തവണ മാറ്റിവെച്ച കേസാണ് കോടതി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കുന്നത്. കഴിഞ്ഞ മാസം 21 ന് കരാർ തുറന്നെങ്കിലും ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. 9.899 കിലോമീറ്റർ മതിലിൽ 3.9 കിലോമീറ്ററാണ് പൂർത്തിയാക്കിയത്. അവശേഷിച്ച ദൂരത്തിനു നേരത്തെയുള്ള എസ്റ്റിമേറ്റ് പ്രകാരം 29 കോടി രൂപയ്ക്കാണ് റീടെൻഡർ വിളിച്ചത്. നാലുപേർ കൊട്ടേഷൻ നൽകിയിരുന്നു. ഇതിൽ ഏറ്റവും കുറഞ്ഞ വാഗ്ദാനം (8 ശതമാനം കുറവിൽ) നൽകിയ ഹിൽട്രാക് കൺസ്ട്രക്ഷനാണ് കരാർ ലഭിക്കേണ്ടത്. 


 കോടതി അനുവദിച്ചാൽ മാത്രമേ നടപടികൾ പൂർത്തിയാകുകയുള്ളൂ. എന്നാൽ 21 ന് പൂർത്തിയാക്കിയ ടെൻഡർ നടപടികളുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം മാത്രമാണ് പൊതുമരാമത്ത് വകുപ്പ് കോടതിയിൽ സമർപ്പിച്ചതെന്ന് കേസിൽ പുതുതായി കക്ഷി ചേർന്നിരിക്കുന്ന പൊതുതാൽപര്യ ഹർജിക്കാരൻ പറയുന്നു. നിയമ കുരുക്കുകൾ മുറുകിയാൽ ആനമതിൽ നിർമ്മാണം വീണ്ടും വൈകുമെന്ന ആശങ്കയും ഇതോടെ ശക്തമാവുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group