Join News @ Iritty Whats App Group

തൃശ്ശൂരിലെ ലുലുമാൾ വൈകുന്നത് ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടലെന്ന് യൂസഫലി; കേസ് വ്യക്തിപരം, പാർട്ടിക്ക് പങ്കില്ലെന്ന് ടിഎൻ മുകുന്ദൻ

തൃശ്ശൂർ: തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിൽ ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടലെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഇന്നലെയാണ് ഇത്തരത്തിലൊരു പ്രതികരണം യുസഫലി നടത്തിയത്. രണ്ടരവർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ട മാളിന്റെ തുടർപ്രവർത്തനവുമായി മുന്നോട്ട് പോകാൻ കഴിയാത്തത് ഒരു രാഷ്ട്രീയ പാർട്ടിയിലുള്ള ആൾ അനാവശ്യമായ കേസുമായി മുന്നോട്ട് പോകുന്നതിനാലാണ് എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. 


3000 പേർക്ക് ജോലി ലഭിക്കേണ്ട വലിയ പ്രോജക്ടാണ് തൃശൂരിലെ ലുലു ഷോപ്പിങ്ങ് മാളിലൂടെ മുന്നോട്ട് വെച്ചതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ചിയ്യാരത്ത് തൃശ്ശൂർ മാനേജ്മെന്റ് അസോസിയേഷൻ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാൾ നിർമ്മിക്കാൻ സ്ഥലം ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങിയ ഘട്ടത്തിലാണ് ലുലുവിനെതിരെ കേസെത്തിയത്. ഇപ്പോഴും ആ കേസ് ഹൈക്കോടതി പരി​ഗണനയിലാണ്. രണ്ടരവർഷമായി ആ കേസ് മുന്നോട്ട് പോകുകയാണ്. ഈ രാജ്യത്ത് ബിസിനസ് സംരംഭം മുന്നോട്ട് പോകണമെങ്കിൽ പല തരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും ആ തടസ്സങ്ങൾ മാറിയാൽ തൃശൂരിൽ ലുലുവിന്റെ മാൾ എത്തുമെന്നും യൂസഫലി വ്യക്തമാക്കി.


അതേ സമയം, നെൽവയൽ തരംമാറ്റിയതിനെതിരെയാണ് പരാതി നൽകിയതെന്നും പാർട്ടിക്ക് അതിൽ പങ്കില്ലെന്നും ലുലുവിനെതിരെ കേസ് നൽകിയ സിപിഐ പ്രാദേശിക നേതാവ് ടിഎൻ മുകുന്ദൻ  പറഞ്ഞു. സമ്പന്നനും സാധാരണക്കാരനും ഒരേ നീതി വേണമെന്ന് കരുതിയാണ് കേസ് നടത്തുന്നതെന്നും മുകുന്ദൻ പറയുന്നു. പരാതി നൽകിയത് വ്യക്തിപരമായിട്ടാണ്. പാർട്ടിക്കതിൽ പങ്കില്ലെന്ന് പറഞ്ഞ മുകുന്ദൻ താൻ പാർട്ടി അം​ഗമാണെന്നും വ്യക്തമാക്കി. ഹൈക്കോടതിയിൽ വാദം പൂർത്തിയായി വിധി പറയാനായി വച്ചിരിക്കുകയാണ് കേസ്

Post a Comment

أحدث أقدم
Join Our Whats App Group