ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ യുഎസിലേക്കു പോയ ഇന്ത്യൻ സംഘത്തിലെ യുവ ബിജെപി എംപി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്‌ചയ്ക്ക് ശ്രമിച്ചെന്ന് റിപ്പോർട്ട്. നയതന്ത്ര പ്രോട്ടോക്കോൾ തെറ്റിച്ച് ശ്രമം നടത്തിയ ശശി തരൂർ നയിച്ച സംഘത്തിലുണ്ടായിരുന്ന എംപിക്കെതിരെയാണ് ആരോപണം. യുഎസിലുള്ള സുഹൃത്തു മുഖേന കൂടിക്കാഴ്‌ചയ്ക്ക് ശ്രമിച്ചെങ്കിലും ട്രംപ് കാണാൻ കൂട്ടാക്കിയില്ലെന്ന് ഇംഗ്ലിഷ് ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്.
യുഎസിലുള്ള പഴയ സുഹൃത്തിനെ സമീപിക്കുകയും അദ്ദേഹം കൂടിക്കാഴ്ച്‌ചയ്ക്ക് അനുമതിക്കായി ശ്രമിക്കുകയും ചെയ്യുക ആയിരുന്നു. ‘ഇന്ത്യൻ സർക്കാരിൻ്റെ വളരെ അടുത്തയാൾ’ എന്നു പരിചയപ്പെടുത്തിയാണ് എംപിക്കായി സുഹൃത്ത് അനുമതി തേടിയത്. കൂടിക്കാഴ്‌ചയ്ക്കായി ഫ്ലോറിഡയിൽ ട്രംപിന്റെ ഗോൾഫ് റിസോർട്ടായ മാർ എ ലാഗോയിലെത്തുകയും ചെയ്‌തു. പക്ഷേ ട്രംപ് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ലെന്നാണ് വിവരം.
ഇന്ത്യൻ പ്രതിനിധിസംഘത്തിലുണ്ടായിരുന്ന ശിവസേനാ അംഗം മിലിന്ദ് ഡിയോറ വ്യവസായികളുമായുള്ള തൻ്റെ ബന്ധം ഉപയോഗിച്ച്, ഡോണൾഡ് ട്രംപിൻ്റെ മക്കളായ ട്രംപ് ജൂനിയറുമായും എറിക് ട്രംപുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിൽ അസ്വസ്ഥനായ ബിജെപിയുടെ യുവ എംപിയും ഇവരുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും അവസരം ലഭിച്ചില്ല. തുടർന്നാണ് നേരിട്ട് ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചതെന്നാണ് റിപ്പോർട്ട്.
സംഭവി ചൗധരി (എൽജെപി), സർഫറാസ് അഹമ്മദ് (ജെഎംഎം), ഹരീഷ് ബാലയോഗി (ടിഡിപി), ശശാങ്ക് മണി ത്രിപാഠി, തേജസ്വി സൂര്യ, ഭുവനേശ്വർ കലിത (ബിജെപി), മിലിന്ദ് ഡിയോറ, മല്ലികാർജുൻ ദേവ്ഡ (ശിവസേന) എന്നിവരാണ് തരൂർ നയിച്ച സംഘത്തിലുണ്ടായിരുന്നത്. ഇതിൽ ആരാണ് ആരോപണ വിധേയൻ എന്ന് വ്യക്തമല്ല. ഇന്ത്യയിൽ തിരിച്ചെത്തിയ എംപി ഇതിനെപ്പറ്റി ആരോടും പറഞ്ഞിരുന്നില്ലെങ്കിലും സംഭവം അറിഞ്ഞ ബിജെപി നേതൃത്വം എംപിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകിയതായാണ് സൂചന.
റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ കോൺഗ്രസ് നേതാക്കൾ എംപിക്കെതിരെ രംഗത്തെത്തി. ഇത് വെറും രാഷ്ട്രീയ ഗോസിപ്പല്ലെന്നും ഇന്ത്യയുടെ അഭിമാനത്തിനും നയതന്ത്ര മര്യാദകൾക്കുമേറ്റ നാണക്കേടാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖർഗെ പറഞ്ഞു. ‘ഒരു ഔദ്യോഗിക സംഘത്തിന്റെ ഭാഗമായിരിക്കെ ഇത്തരം അപക്വമായ നടപടികളെ എങ്ങനെയാണ് ന്യായീകരിക്കുക? ആരാണ് ഈ യുവ ബിജെപി എംപി, ഈ അച്ചടക്കലംഘനത്തിനെതിരെ എന്ത് നടപടിയാണ് സർക്കാർ എടുത്തത്?’- പ്രിയങ്ക് ഖർഗെ എക്‌സിൽ ചോദിച്ചു.
إرسال تعليق