Join News @ Iritty Whats App Group

‘ബിന്ദുവിന്റെ മരണം കൊലപാതകം, ആരോഗ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല’; സണ്ണി ജോസഫ്

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മന്ത്രിമാരായ വീണാ ജോർജിനെയും വി എൻ വാസവനെയും രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. തക്കസമയത്ത് രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിൽ ബിന്ദു മരിക്കുന്ന സാഹചര്യം ഉണ്ടാവില്ലായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. അപകടത്തിന് പിന്നാലെ ഇരുവരും ദുരന്തത്തെ വൈറ്റ്‌വാഷ് ചെയ്യാൻ ശ്രമിച്ചുവെന്നും സണ്ണി ജോസഫ് കുറ്റപ്പെട്ടുത്തി.

അപകടസ്ഥലത്തെത്തിയ മന്ത്രിമാർ ദുരന്തത്തെ ലഘൂകരിക്കാനും വൈറ്റ്‌വാഷ് ചെയ്യാനുമാണ് ശ്രമിച്ചത്. തുടർന്ന് രക്ഷാപ്രവർത്തനം രണ്ടേകാൽ മണിക്കൂർ വൈകി. ഇത് കൊലപാതകം തന്നെയാണെന്നും ആരോഗ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും സണ്ണി ജോസഫ് വിമർശിച്ചു. സംഭവത്തെ ന്യായീകരിക്കാനുള്ള അതിയായ വ്യഗ്രതയിലാണ് ഈ അബദ്ധം സംഭവിച്ചതെന്നും അധ്യക്ഷൻ കുറ്റപ്പെടുത്തി.

അതേസമയം കേരളത്തിലെ സർക്കാർ ആരോഗ്യരംഗത്തിന്റെ തകർച്ച ഒന്നൊന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി. യാഥാർത്ഥ്യം രൂക്ഷമാണെന്ന് ഓരോ ദിവസത്തെയും സംഭവങ്ങൾ തെളിയിക്കുകയാണ്. പുതിയ കെട്ടിടം പണി കഴിഞ്ഞിരുന്നെങ്കിലും ഉദ്‌ഘാടനം ചെയ്യാനായി മാറ്റിവെച്ചു. ബിന്ദുവിന്റെ കുടുബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും മകൾക്ക് സർക്കാർ ജോലി നൽകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group