Join News @ Iritty Whats App Group

മലയോരത്തിന് മറക്കാനാകാത്ത മണ്ണൂരച്ചൻ ഇനി ഓര്‍മ

കൊട്ടിയൂർ: കുടിയേറ്റ കാലത്തിനുശേഷം നാടിന്‍റെ വികസനത്തിന് പ്രവർത്തിച്ചവരില്‍ പ്രമുഖനായിരുന്നു ഇന്നലെ അന്തരിച്ച ഫാ.തോമസ് മണ്ണൂർ. മലയോര വികസനത്തില്‍ സുപ്രധാന മുന്നേറ്റമായി കണക്കാക്കുന്ന കൊട്ടിയൂർ ഇമിഗ്രേഷൻ ജൂബിലി മെമ്മോറിയല്‍ ഹൈസ്കൂള്‍ (ഐജെഎംഎച്ച്‌എസ്) 50 വർഷം മുന്പ് സ്ഥാപിച്ചത് മണ്ണൂരച്ചൻ ആയിരുന്നു.

കുടിയേറ്റ ജനതയുടെ ഉന്നത പഠനമോഹങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി സ്ഥാപിതമായ സ്കൂള്‍ ഇന്ന് ഹയർ സെക്കൻഡറി സ്കൂളാണ്. മലയോരത്തെ മറ്റൊരു വികസന മുന്നേറ്റമായിരുന്നു കൊട്ടിയൂരിലെ സർക്കാർ സിസ്പെൻസറി. പുളിയമ്മാക്കല്‍ പി.കെ. ജോസഫ് സൗജന്യമായി നല്‍കിയ സ്ഥലത്ത് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെട്ടിടം നിർമിച്ച്‌ കിടക്കളും ആശുപത്രി ഉപകരണങ്ങളും സഹിതം ഒരുക്കി സർക്കാരിന് കൈമാറിയതാണ്. ആ ജനകീയ കമ്മിറ്റിയുടെ ട്രഷറർ മണ്ണൂരച്ചനായിരുന്നു. ഇന്ന് ആഡിസ്പൻസറി കുടുംബാരോഗ്യ കേന്ദ്രമാണ്. മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ അവാർഡും ഈ കുടുംബാരോഗ്യ കേന്ദ്രത്തിന് പിന്നീട് ലഭിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിലെ പൊതു വികസന പ്രവർത്തനങ്ങളിലെല്ലാം മണ്ണൂരച്ചൻ പങ്കാളിയായിരുന്നു.

കൊട്ടിയൂർ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയോട് ചേർന്ന് നടത്തിവന്നിരുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനമായിരുന്ന യുവദീപ്തി കോളജ് വിപുലീകരിച്ചതും മണ്ണൂരച്ചനായിരുന്നു. ആറു വർഷക്കാലം കൊട്ടിയൂർ പള്ളി വികാരിയായി സേവനം ചെയ്തു. മാനന്തവാടി രൂപതയിലെ വൈദികനായിരുന്ന മണ്ണൂരച്ചൻ തമിഴ്നാട്ടിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലുമുള്ള രൂപതകളിലും സേവനം ചെയ്തിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group