Join News @ Iritty Whats App Group

വിജയത്തിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളെ പേരെടുത്ത് പ്രശംസിച്ച് ജയ് ഷാ; മികച്ച പ്രകടനം പുറത്തെടുത്ത സിറാജിനെ പരാമര്‍ശിച്ചില്ല, വിവാദം

ലണ്ടന്‍: എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. 336 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. 608 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 271 റണ്‍സിന് പുറത്തായി. രണ്ട് ഇന്നിംഗ്‌സിലും തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് കളിയിലെ താരം. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. ഇതോടെ ചിലെ റെക്കോര്‍ഡുകളും ഇന്ത്യന്‍ ടീമിനെ തേടിയെത്തിയിരുന്നു. ബെര്‍മിംഗ്ഹാമില്‍ ഒരു ഏഷ്യന്‍ ടീമിന്റെ ആദ്യ വിജയമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി.

ചരിത്ര വിജയത്തിന് പിന്നലെ ഇന്ത്യന്‍ ടീമിനെ അനുമോദിച്ച് ഐസിസി ചെയര്‍മാന്‍ ജയ് ഷാ രംഗത്ത് വന്നിരുന്നു. എന്നാല്‍ എക്‌സില്‍ പങ്കുവച്ച കുറിപ്പ് തന്നെ വിവാദത്തിലായിരിക്കുകയാണ്. മികച്ച പ്രകടനം നടത്തിയ മുഹമ്മദ് സിറാജിന്റെ പേര് ഒഴിവാക്കിയതാണ് ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, പേസര്‍ ആകാശ് ദീപ്, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവരെയാണ് ജയ് ഷാ അഭിനന്ദിച്ചത്.</p><p>അദ്ദേഹം കുറിച്ചിട്ടത് ഇങ്ങനെയായിരുന്നു. ''ഒരു വലിയ ടെസ്റ്റ് മത്സരമാണ് അവസാനിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കരുത്തും ആഴവും വ്യക്തമാക്കുന്ന മത്സരം. ഗില്ലിന്റെ 269 &amp; 161, ബാറ്റിംഗ് പ്രകടനം സവിശേഷമായിരുന്നു. ആകാശ് ദീപിന്റെ 10 വിക്കറ്റ് പ്രകടനവും എടുത്ത് പറയണം. രവീന്ദ്ര ജഡേജയും റിഷഭ് പന്തും നിര്‍ണായക സംഭാവനകള്‍ നല്‍കി. ഈ പ്രകടനങ്ങളെല്ലാം ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ലോര്‍ഡ്‌സിലെ അടുത്ത മത്സരത്തിന് വേണ്ടി കാത്തിരിക്കുന്നു.'' ജയ്ഷാ കുറിച്ചിട്ടു. 

ടെസ്റ്റിലൊന്നാകെ ഏഴ് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ പേസര്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റും വീഴ്ത്തി. ഫീല്‍ഡിംഗിലും സിറാജ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇന്നലെ ജോഷ് ടംഗിനെ പുറത്താക്കാനെടുത്ത ക്യാച്ച് എടുത്തുപറയേണ്ടതാണ്.


റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യ സ്വന്തമാക്കുന്ന ഏറ്റവും വലിയ എവേ ജയം കൂടിയാണിത്. 2019 വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 318 റണ്‍സിന്റെ ജയം രണ്ടാം സ്ഥാനത്തായി. 2017ല്‍ ഗാലെയില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 304 റണ്‍സിന്റെ ജയം മൂന്നാമത്. കഴിഞ്ഞ വര്‍ഷം പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ 295 റണ്‍സ് വിജയവും, 1986ല്‍ ഇംഗ്ലണ്ടിനെതിരെ ലീഡ്‌സില്‍ നേടിയ 279 റണ്‍സ് ജയവും അടുത്തടുത്ത സ്ഥാനങ്ങളില്‍. എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ കളിക്കുന്ന 19-ാം ടെസ്റ്റിലാണ് ആദ്യ ജയം സ്വന്തമാക്കാനായത്.

Post a Comment

Previous Post Next Post
Join Our Whats App Group