Join News @ Iritty Whats App Group

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, ബന്ദികളാക്കിയത് ഭീകരാക്രമണത്തിനിടെ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യ

ബമാകോ: മാലിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. മാലിയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾക്കിടെയാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. സുരക്ഷിതമായ മോചനം വേഗത്തിൽ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മാലി സർക്കാരിനോട് ആവശ്യപ്പെട്ടു.

കായസിലെ ഡയമണ്ട് സിമന്‍റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെയാണ് തട്ടിക്കൊണ്ടുപോയത്. ജൂലൈ ഒന്നിന് സായുധരായ ഒരു സംഘം ഫാക്ടറി വളപ്പിൽ ആക്രമണം നടത്തിയാണ് മൂന്ന് ഇന്ത്യൻ പൗരന്മാരെ ബന്ദികളാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം അൽ ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ ജമാഅത്ത് നുസ്റത്ത് അൽ-ഇസ്ലാം വൽ-മുസ്ലിമീൻ ചൊവ്വാഴ്ച മാലിയിലുടനീളം നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

ബമാകോയിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ട അധികൃതരുമായും പൊലീസുമായും ഡയമണ്ട് സിമന്റ് ഫാക്ടറി മാനേജ്മെന്റുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരന്മാരുടെ കുടുംബാംഗങ്ങളുമായി എംബസി ബന്ധപ്പെടുന്നുണ്ട്.

"കേന്ദ്ര സർക്കാർ ഈ നിന്ദ്യമായ അക്രമത്തെ നിരുപാധികം അപലപിക്കുന്നു. തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതവും വേഗത്തിലുള്ളതുമായ മോചനം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മാലി റിപ്പബ്ലിക് സർക്കാരിനോട് ആവശ്യപ്പെടുന്നു" - വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Press Release on the recent development in Mali🔗 : https://t.co/KgWle9Gv7l</p><p>— Randhir Jaiswal (@MEAIndia) July 2, 2025

നിലവിൽ മാലിയിൽ താമസിക്കുന്ന എല്ലാ ഇന്ത്യക്കാരോടും അതീവ ജാഗ്രത പാലിക്കാനും ജാഗരൂകരായിരിക്കാനും ആവശ്യമായ സഹായത്തിന് ബാമകോയിലെ എംബസിയുമായി നിരന്തര സമ്പർക്കത്തിൽ തുടരാനും വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവ് എത്രയും വേഗം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group