ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖല കാട്ടാനകളുടെ പരാക്രമം കേട്ടാണ് ഓരോ പ്രഭാതവും ഉണരുന്നത്. രാത്രിയും പകലുമില്ലാതെ തുടരുന്ന കാട്ടാന ആക്രമണങ്ങളില്‍ പ്രദേശവാസികള്‍ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നതെങ്കിലും അധികൃതർക്ക് കുലുക്കമില്ല.
ചൊവ്വാഴ്ച പുലർച്ചെ 2.30 ഓടെ ബ്ലോക്ക് 10 ലെ ആനമുക്കില്‍ പ്ലോട്ട് നമ്ബർ 746 ലെ രാജമ്മയുടെ പുരയിടത്തില്‍ കാട്ടാന വ്യാപക നാശനഷ്ടമാണ് വരുത്തിയത്.
കൊലയാളി മോഴയാനായാണ് ഇന്നലെ മേഖലയില്‍ ഭീതി വിതച്ചത്. രാജമ്മയുടെ കൃഷിയിടത്തിലെ തെങ്ങ്, കവുങ്ങ്, വാഴ, കശുമാവ് എന്നിവ നശിപ്പിച്ച ആന കുടിവെള്ളത്തിന്റെ പൈപ്പും നശിപ്പിച്ചു. കിണറില്‍ നിന്നും വീട്ടിലെ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പാണ് ആന തകർത്തത്. ഈ വർഷം തന്നെ ഇത് മൂന്നാം തവണയാണ് കാട്ടാന രാജമ്മയുടെ കൃഷിയിടത്തില്‍ എത്തി കൃഷി നശിപ്പിക്കുന്നത്.
ബ്ലോക്ക് 10 ലെ തന്നെ പ്ലോട്ട് നമ്ബർ 745 ലെ കൃഷ്ണൻ പുലിക്കരി, പ്ലോട്ട് നമ്ബർ 714 ലെ നാരായണി ചപ്പിലി എന്നിവരുടെ കൃഷിയിടത്തിലും മോഴയാന നാശം വിതച്ചു. ഇവരുടെയും പ്ലാവ് ഉള്‍പ്പെടെ കൃഷികള്‍ മോഴയാന നശിപ്പിച്ചു. പുലർച്ചെ 4 മണിയോടെയാണ് ഇവിടേക്ക് ആന എത്തിയത്. ചെവിക്ക് കേള്‍വിക്കുറവുള്ള ചിപ്പിലി നാരായണി ഭാഗ്യം കൊണ്ടാണ് ആനയുടെ പിടിയില്‍ നിന്നും രക്ഷപെട്ടത്. ഒറ്റക്ക് താമസിക്കുന്ന നാരായണിയുടെ വീട്ടിലെ നായ കുരച്ച് ബഹളം വച്ചപ്പോള്‍ വെളിച്ചം പോലുമില്ലാതെ നാരായണി വീടിന്റെ തിണ്ണയില്‍ വരെ എത്തി നോക്കിയിട്ട് തിരിച്ചു പോകുക ആയിരുന്നു. ആ സമയം വീടിന്റെ മുറ്റത്ത് ആന ഉണ്ടയിരുന്നു. പിന്നീട് വീടിന്റെ മുറ്റത്തെ തെങ്ങ് നശിപ്പിച്ച ശേഷമാണ് ആന ഇവിടെ നിന്നും മാറിയത്.
തകർത്തത് 18 കുടിലുകള്‍
2007ല്‍ ആലക്കോട് വെള്ളാട്, ഉദയഗിരി ഭാഗത്തുനിന്നും എത്തിയ കുടുംബങ്ങളാണ് ഇവിടെ ഭൂരിഭാഗവും. കശുമാവ് മാത്രം ഉണ്ടായിരുന്ന പ്രദേശം ഓരോ വിളകളായി പിടിപ്പിച്ചു വന്നതാണ് ഇന്ന് കാട്ടാനകള്‍ നശിപ്പിക്കുന്നത്. അഞ്ചു വർഷമായി ആനയുടെ ആക്രമണം വളരെ കൂടുതല്‍ ആണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നാലു മാസത്തിനുള്ളില്‍ 18ല്‍ അധികം കുടിലുകള്‍ കാട്ടാന തകർത്തിരുന്നു. പലരും ഭാഗ്യംകൊണ്ടാണ് ആനക്ക് മുന്നില്‍ നിന്നും രക്ഷപെട്ടത്. ഭന്നോടിയവരില്‍ പലരും വീണ് പരിക്കേറ്റ സംഭവും ഉണ്ടായിട്ടുണ്ട്.
Post a Comment