Join News @ Iritty Whats App Group

ഓപ്പറേഷന്‍ സിന്ദൂറിനിടെ ചാരപ്പണി; നാവിക സേന ക്ലര്‍ക്ക് അറസ്റ്റിൽ, സമ്പാദിച്ചത് ലക്ഷങ്ങള്‍

ദില്ലി: ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറിയ കേസിൽ ദില്ലിയിലെ നാവിക സേനാ ആസ്ഥാനത്തെ ക്ലര്‍ക്ക് അറസ്റ്റിൽ. നാവിക സേന ആസ്ഥാനത്തെ ഡയറക്ടറേറ്റ് ഓഫ് ഡോക്ക് യാര്‍ഡിലെ അപ്പര്‍ ഡിവിഷൻ ക്ലര്‍ക്കായ വിശാൽ യാദവ് ആണ് പിടിയിലായത്.

രാജസ്ഥാൻ പൊലീസ് രഹസ്യാന്വേഷണ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയിൽ ഹാജരാക്കി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.1923ലെ ഔദ്യോഗിക രഹസ്യ നിയമ പ്രകാരമാണ് ഹരിയാനയിലെ രെവാരിയിലെ പുനിസ്ക സ്വദേശിയായ വിശാൽ യാദവിനെ അറസ്റ്റ് ചെയ്തത്.

അന്വേഷണ സംഘം യാദവിന്‍റെ പ്രവര്‍ത്തനങ്ങള്‍ കുറച്ചു നാളുകളായി നിരീക്ഷിച്ചുവരുകയായിരുന്നു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജന്‍സിയിലെ യുവതിയുമായി സാമൂഹിക മാധ്യമത്തിലൂടെ വിശാൽ യാദവ് ബന്ധം സ്ഥാപിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് സിഐഡി ഇന്‍സ്പെക്ടര്‍ ജനറൽ വിഷ്ണുകാന്ത് ഗുപ്ത പറഞ്ഞു.

പ്രിയ ശര്‍മ്മയെന്ന പേരിൽ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ വിശാലുമായി ബന്ധം സ്ഥാപിച്ച് പണം നൽകിയാണ് നാവിക സേനാ ആസ്ഥാനത്ത് നിന്ന് അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ശേഖരിച്ചത്. ഓണ്‍ലൈൻ ഗെയിമിന് അടിമപ്പെട്ട വിശാൽ യാദവ് സാമ്പത്തികാവശ്യങ്ങള്‍ക്കായി ദേശീയസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറാൻ തീരുമാനിക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.

പാകിസ്ഥാനി യുവതിക്ക് തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറികൊണ്ടിരുന്ന വിശാലിന് തന്‍റെ ക്രിപ്റ്റോ കറന്‍സി ട്രേഡിങ് അക്കൗണ്ടിലൂടെ അമേരിക്കൻ ഡോളറായാണ് പണം കൈമാറിയിരുന്നത്. വിശാലിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടും പണം എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

മെയ് ഏഴിന് പുലര്‍ച്ചെ ഇന്ത്യ നടപ്പാക്കിയ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട നാവിക-പ്രതിരോധ മേഖലയുാമയി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ വിശാൽ കൈമാറിയെന്നും കണ്ടെത്തി. വിശാലിന്‍റെ മൊബൈൽ ഫോണിലെ ചാറ്റുകളും രേഖകളും ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയിൽ നിന്നാണ് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.ജയ്പൂരിൽ പൊലീസ് കസ്റ്റഡിയിലുള്ള വിശാൽ യാദവിനെ വിവിധ രഹസ്യാന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരുകയാണ്.

ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായിട്ടാണ് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യം നടപ്പാക്കിയത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരതാവളങ്ങളാണ് ദൗത്യത്തിലൂടെ തകര്‍ത്തത്. ഇതിനുപിന്നാലെ പാകിസ്ഥാൻ ഇന്ത്യയുടെ അതിര്‍ത്തി മേഖലയിലേക്ക് ഡ്രോണുകളും മിസൈലുകളും അയച്ചെങ്കിലും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം അതിനെയെല്ലാം തകര്‍ക്കുകയായിരുന്നു. പ്രത്യാക്രമണത്തിൽ ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ വ്യോമതാവളങ്ങളടക്കം ആക്രമിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group