Join News @ Iritty Whats App Group

കൊട്ടിയൂര്‍ വൈശാഖോത്സവം ; തൃക്കൂര്‍ അരിയളവ് നടത്തി

ണ്ണൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ആരാധനാ പൂജകള്‍ പൂർത്തിയായതിന് ശേഷം നാല് ചതുശ്ശതങ്ങളില്‍ ആദ്യത്തേതായ തിരുവാതിര ചതുശ്ശതവും തൃക്കൂർ അരിയളവും നടന്നു.


ഭഗവാന് സമർപ്പിക്കുന്ന വലിയവട്ടളം പായസ നിവേദ്യമാണ് ചതുശ്ശതം എന്നറിയപ്പെടുന്നത്. തിരുവാതിര പന്തീരടിയോടെയാണ് തിടപ്പള്ളിയില്‍ പായസ നിവേദ്യം ആരംഭിച്ചത്.

 

നൂറ് ഇടങ്ങഴി അരി, നൂറു നാളികേരം, നൂറു കിലോ ശർക്കരയും നെയ്യും ചേർത്താണ് പായസം തയ്യാറാക്കിയത്. പായസം ഭഗവാന് നിവേദിച്ചശേഷം മണിത്തറയിലും കോവിലകം കയ്യാലയിലും പായസ നിവേദ്യം വിതരണം ചെയ്തു. വൈശാഖ മഹോത്സവത്തിലെ തൃക്കൂർ അരിയളവും നടന്നു. കോട്ടയം സ്വരൂപത്തിലെ അമ്മ രാജയ്ക്ക് പന്തീരടി കാമ്ബ്രം നമ്ബൂതിരിപ്പാട് നിശ്ചിത അളവ് അരി സ്വർണത്തളികയില്‍ പകർന്ന് നല്‍കി.
ശ്രീകോവിലിനുള്ളില്‍ അരി സ്വീകരിച്ചു ദക്ഷിണ നല്‍കിയശേഷം അമ്മ രാജ വാളറയിലും അമ്മാറക്കല്‍ തറയിലുമെത്തി വണങ്ങി. അളന്നു ലഭിച്ച അരി മേല്‍മുണ്ടില്‍ കെട്ടി, തലയില്‍ വെച്ച്‌ അമ്മ രാജ തിരുവഞ്ചിറ പ്രദക്ഷിണം ചെയ്ത് മടങ്ങി.

 

രാത്രി പൂജയ്ക്കുശേഷം നാലു തറവാട്ടിലെ സ്ത്രീകള്‍ക്ക് മണിത്തറയില്‍ അരിയും ഏഴില്ലക്കാർക്ക് പഴവും ശർക്കരയും നല്‍കി.. തൃക്കൂർ അരിയളവിന് മാത്രമേ തറവാട്ടുകാരായ സ്ത്രീകള്‍ക്ക് അക്കരെ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടാകാറുള്ളൂ. രണ്ടാമത്തെ ചതുശ്ശതനിവേദ്യമായ
പുണർതം ചതുശ്ശതം വെള്ളിയാഴ്ചയും ആയില്യം ചതുശ്ശതം ശനിയാഴ്ചയും നടക്കും. ജൂണ്‍ 30 ന് മകം കലം വരവ് നടക്കുന്നതോടെ സ്ത്രീകള്‍ക്ക് അക്കരെ കൊട്ടിയൂരില്‍ പ്രവേശനമുണ്ടായിരിക്കില്ല. നാലാമത്തെ ചതുശ്ശത നിവേദ്യമായി അത്തം ചതുശ്ശതം ജൂലൈ 3 ന് നടക്കും. അന്നുതന്നെയാണ് വാളാട്ടവും കലശപൂജയും നടക്കുക. 4 ന് തൃക്കലശാട്ടോടെ 27 നാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് സമാപനമാകും.

Post a Comment

Previous Post Next Post
Join Our Whats App Group