Join News @ Iritty Whats App Group

എല്ലാം നാളെ അറിയാം; ശ്രേയസ് അയ്യരെ കാത്തിരിക്കുന്നത് ഒരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത നേട്ടം


അഹമ്മദാബാദ്: കൂറ്റന്‍ സിക്‌സറോടെ ടീമിനെ ഫൈനലിലേക്ക് നയിച്ചിട്ടും അമിത സന്തോഷ പ്രകടനം നടത്താതെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ ശ്രേയസിനെ കാത്തിരിക്കുന്നത് അപൂര്‍വ നേട്ടം. ഐപിഎല്ലില്‍ രണ്ട് വ്യത്യസ്ത ടീമുകളെ ചാമ്പ്യന്‍മാര്‍ ആക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടമാണ് ശ്രേയസിനെ കാത്തിരിക്കുന്നത്. ക്യാപ്റ്റനെന്ന നിലയിലുളള ശ്രേയസിന്റെ മികവ് ഒരിക്കല്‍ക്കൂടി വ്യക്തമായ സീസണ്‍ ആണ് ഇത്തവണത്തേത്. 2019ല്‍ ഡല്‍ഹിയെ ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്ലേ ഓഫില്‍ എത്തിച്ച ശ്രേയസ് 2020ല്‍ ഡല്‍ഹിയെ ആദ്യ ഫൈനലിലേക്ക് നയിച്ചു. 

2024ല്‍ കൊല്‍ക്കത്തയെ ചാന്പ്യന്‍മാരാക്കി. 2025ല്‍ പഞ്ചാബിനെ കിരീടത്തിന് അരികെയും എത്തിച്ചുമൂന്ന് വ്യത്യസ്ത ടീമുകളെ ഐപിഎല്‍ ഫൈനലില്‍ എത്തിച്ച ആദ്യനായകനാണ് മലയാളി വേരുകളുള്ള ശ്രേയസ് അയ്യര്‍. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ അവസരോചിത ബാറ്റിംഗാണ് പഞ്ചാബ് കിംഗ്‌സിനെ രണ്ടാം ഫൈനലിലേക്ക് നയിച്ചത്. നാലാമനായി ക്രീസില്‍ എത്തിയ ശ്രേയസ് 41 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സുമടക്കം പുറത്താവാതെ 87 റണ്‍സെടുത്തു. ബുമ്ര അടക്കമുള്ള ബൗളര്‍മാര്‍ക്ക് ഒരവസരവും നല്‍കാതെ ആയിരുന്നു ശ്രേയസിന്റെ ബാറ്റിംഗ്.

സീസണില്‍ 16 കളിയില്‍ 603 റണ്‍സെടുത്ത ശ്രേയസിന്റെ ആറാം അര്‍ധ സെഞ്ച്വറി ആയിരുന്നു ഇത്. അഞ്ച് ഇന്നിംഗ്‌സില്‍ ശ്രേയസ് നോട്ടൗട്ടായിരുന്നു. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചാന്പ്യന്‍മാരാക്കിയ ശ്രേയസിനെ 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് താര ലേലത്തില്‍ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണില്‍ കിരീടം സമ്മാനിച്ചിട്ടും ശ്രേയസിനെ നിലനിര്‍ത്താന്‍ കൊല്‍ക്കത്ത ടീം മാനേജ്‌മെന്റ് തയാറായിരുന്നില്ല. ലേലത്തില്‍ ശ്രേയസിനായി ടീമുകള്‍ വാശിയോടെ രംഗത്തെത്തിയപ്പോള്‍ 10 കോടി കടന്നതോടെ കൊല്‍ക്കത്ത ശ്രേയസിനെ കൈവിടുകയും ചെയ്തിരുന്നു. ഒടുവില്‍ 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് ശ്രേയസിനെ ടീമിലെത്തിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group