Join News @ Iritty Whats App Group

അമ്മയുടെ മരണം, യുവതിയുടെ വിവാഹം മാറ്റി; മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് മണ്ഡപ ബുക്കിംഗ് തുക മുഴുവൻ തിരികെ നൽകി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള നന്തൻകോട് സുമംഗലി കല്യാണമണ്ഡപം വിവാഹത്തിനായി പണമടച്ച് ബുക്ക് ചെയ്തെങ്കിലും യുവതിയുടെ അമ്മയുടെ അപ്രതീക്ഷിത മരണം കാരണം വിവാഹം മാറ്റിവയ്ക്കേണ്ടി വന്ന സാഹചര്യത്തിൽ ബുക്കിംഗിനായി അടച്ച തുക പൂർണമായും ദേവസ്വം ബോർഡ് തിരികെ നൽകി. അടച്ച തുകയിൽ നിന്നും 15 ശതമാനം കുറയ്ക്കുമെന്നായിരുന്നു ബോർഡിന്റെ ആദ്യ നിലപാട്. അടച്ച തുക തിരികെ കൊടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജി.എസ്.റ്റി. തുക കിഴിച്ച് ബാക്കി തുക പരാതിക്കാരന് മടക്കി നൽകിയതായി ദേവസ്വം കമ്മീഷണർ കമ്മീഷനെ അറിയിച്ചു.

1,00,370 രൂപയാണ് പരാതിക്കാരനായ കവടിയാർ സ്വദേശി ജി. സനൽകുമാർ മണ്ഡപത്തിന് വേണ്ടി മുടക്കിയത്. എന്നാൽ 60,000 രൂപ മാത്രം തിരികെ നൽകാമെന്ന് ബോർഡ് നിലപാടെടുത്തു. പരാതിക്കാരന്റെ മകളുടെ വിവാഹം നടക്കേണ്ടിയിരുന്ന ദിവസം മറ്റൊരു വിവാഹം പരാതിക്കാരൻ ഇടപെട്ട് ബുക്ക് ചെയ്യിപ്പിച്ചിട്ടും പണം നൽകാനാവില്ലെന്നായിരുന്നു നിലപാടെന്ന് പരാതിയിൽ പറഞ്ഞു.

ബോർഡിന് സാമ്പത്തിക നഷ്ടം സംഭവിക്കാത്ത സാഹചര്യത്തിൽ പരാതിക്കാരന്റെ വാദം പരിഗണിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ബോർഡിന് നിർദ്ദേശം നൽകി. പരാതിക്കാരന്റെ അപേക്ഷ ഒരു പ്രത്യേക കേസായി പരിഗണിച്ച് ജി.എസ്.റ്റി. തുകയായ 12,870 രൂപ കിഴിച്ച് ബാക്കി തുക തിരികെ നൽകിയതായി ദേവസ്വം കമ്മീഷണർ കമ്മീഷനെ അറിയിച്ചു. പരാതിക്കാരൻ തുക കൈപ്പറ്റണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group