വാഷിങ്ടണ്‍: ഇറാൻ -ഇസ്രയേൽ ആക്രമണം തുടങ്ങി പത്താം ദിവസമാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അപ്രതീക്ഷിത നീക്കം. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ഫോർദോ, നതാൻസ്, ഇസ്ഹാൻ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത്. ആക്രമണം പൂർത്തിയാക്കി യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇക്കാര്യങ്ങൾ രാജ്യത്തോട് ഇന്ന് വിശദീകരിക്കുമെന്ന് ട്രംപ് പറഞ്ഞു.
ഉപയോഗിച്ച ആയുധം ഏതെന്നോ എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്നോ ഇപ്പോൾ വ്യക്തമല്ല. ഫോർദോ പോലുളള മലയിടുക്കുകൾക്കിടയിൽ വിദഗ്ദമായി പണിത കേന്ദ്രങ്ങൾ ലക്ഷ്യം വെയ്ക്കണമെങ്കിൽ ബങ്കർ ബസ്റ്റ് ബോംബുകൾ തന്നെ വേണം. ഇന്ന് രാവിലെ 7.30ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ട്രംപ് അറിയിച്ചു. ആക്രമണത്തി പങ്കുചേർന്ന അമേരിക്കയെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നന്ദി അറിയിച്ചു.
ഇസ്രയേൽ - ഇറാൻ ആക്രമണത്തിൽ ഇടപെടുമോയെന്ന് രണ്ടാഴ്ചക്കുളളിൽ തീരുമാനിക്കുമെന്നാണ് ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. അതിനിടെയാണ് അപ്രതീക്ഷിത ആക്രമണം നടത്തിയത്.
അതിനിടെ ഇറാനെതിരായ ആക്രമണത്തിൽ അമേരിക്ക ഇസ്രയേലിനൊപ്പം ചേർന്നാൽ ചെങ്കടലിൽ അമേരിക്കൻ കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്ന് ഹൂതികൾ ഭീഷണി മുഴക്കിയിരുന്നു. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം പത്താം ദിവസത്തിലെത്തിയിട്ടും അവസാനിക്കുന്നതിന്റെ സൂചനകളൊന്നും ഇതുവരെയില്ല. പിന്നാലെയാണ് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഹൂതി സായുധ സേന രംഗത്തെത്തിയത്.
ഇറാനെതിരെയുള്ള ആക്രമണത്തിൽ ഇസ്രായേലിനൊപ്പം അമേരിക്ക പങ്കാളിയായാൽ, സായുധ സേന ചെങ്കടലിൽ അവരുടെ കപ്പലുകളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യമിടും. ഗാസ, ലെബനൻ, സിറിയ, ഇറാൻ എന്നിവിടങ്ങളിൽ ആക്രമണം നടത്തി പശ്ചിമേഷ്യയിൽ ആധിപത്യം സ്ഥാപിക്കാനുള്ള സയണിസ്റ്റ് - അമേരിക്കൻ നീക്കം തിരിച്ചടി നേരിടും. നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ്' എന്നാണ് സന്ദേശം.
Post a Comment