Join News @ Iritty Whats App Group

‘മന്ത്രിയാക്കണം, ആഭ്യന്തരവകുപ്പും വനംവകുപ്പും വേണം, സതീശനെയും മാറ്റണം’: പത്രിക പിൻവലിക്കാൻ ഉപാധികളുമായി പി.വി അൻവർ


യുഡിഎഫിനു മുന്നിൽ പുതിയ ഉപാധികൾ വെച്ച് പി വി അൻവർ. 2026ൽ ഭരണം ലഭിച്ചാൽ ആഭ്യന്തരവകുപ്പും വനം വകുപ്പും തനിക്ക് നൽകണം, ഇല്ലെങ്കിൽ വി ഡി സതീശനെ പ്രതിപക്ഷ സ്ഥാനത്തു നിന്ന് മാറ്റണമെന്നും അൻവർ ആവശ്യപ്പെട്ടു. പിന്നാലെ അൻവറിനു മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. നാമനിർദ്ദേശപത്രിക പിൻവലിക്കില്ലെന്നാണ് അൻവറിന്റെ നിലപാട്.

പി വി അൻവറിന് മുന്നിൽ യുഡിഎഫിന്റെ വാതിലുകൾ അടച്ചുവെന്ന് നേതൃത്വം പറയുമ്പോഴും ഇന്ന് ഒൻപതു മണി വരെ ഉത്തരവാദിത്തപ്പെട്ടവർ വിളിച്ചു എന്നാണ് അൻവർ പറയുന്നത്. നാമനിർദ്ദേശപത്രിക പിൻവലിക്കില്ല. തന്നെ മത്സരിക്കാൻ നിർബന്ധിതനാക്കിയത് വിഡി സതീശൻ ആണ്. പ്രതിപക്ഷ നേതാവ് മുക്കാൽ പിണറായിയാണെന്നും അൻവർ പരിഹസിച്ചു.

നാവിൻ തുമ്പിൽ ഉണ്ടെങ്കിലും അൻവറിനു മറുപടിയില്ലെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ മറുപടി. പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു എന്നാണ് വി.ടി ബലറാമിന്റെ പരിഹാസം.

അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. പിവി അൻവർ മത്സര രംഗത്ത് ഉറച്ചുനിൽക്കുമോ എന്ന് ഇന്നറിയാം. തൃണമൂൽ കോൺഗ്രസ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയാണെങ്കിൽ ചിഹ്നവും ഇന്ന് ലഭിക്കും. കഴിഞ്ഞ രണ്ടുതവണയും പിവി അൻവർ മത്സരിച്ച് വിജയിച്ച ഓട്ടോറിക്ഷ ചിഹ്നം ലഭിക്കുമെന്നാണ് അൻവർ ക്യാമ്പ് പ്രതീക്ഷിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group