Join News @ Iritty Whats App Group

‘രാജ്ഭവൻ നിലപാട് സർക്കാർ അനുവദിക്കില്ല; പുഷ്പാർച്ചന നടത്തണം എന്നതിനോട് യോജിക്കാൻ സാധിക്കില്ല’; മന്ത്രി പി പ്രസാദ്


കൃഷിവകുപ്പിന്റെ പരിസ്ഥിതി ദിന പരിപാടി മാറ്റിയതിനെ ചൊല്ലിയുള്ള തർക്കത്തിൽ രാജ്ഭവന് എതിരെ രൂക്ഷ വിമർശനവുമായി കൃഷിമന്ത്രി പി പ്രസാദ്. സങ്കുചിത രാഷ്ട്രീയത്തിന്റെ ഭാഗമാകാനുള്ള രാജ്ഭവൻ നിലപാട് സർക്കാർ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഭൂപടം പോലും അല്ലാത്ത, ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രം അംഗീകരിക്കണം എന്നു പറയുന്നതിനോട് യോജിക്കാൻ സാധിക്കില്ല. കൃഷിവകുപ്പിന്റെ പരിപാടിക്കിടെ അരിവാൾ ചുറ്റിക ആലേഖനം ചെയ്ത പതാകയുമായി താൻ വന്നിരുന്നാൽ എന്താകും സ്ഥിതിയെന്നും പി പ്രസാദ് ചോദിച്ചു.

പരിപാടി രാജ്ഭവനിൽ നടത്താനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ കഴിഞ്ഞദിവസം രാത്രിയോട് കൂടി പരിപാടിയിൽ രാജഭവൻ മാറ്റം വരുത്തി. സാധാരണ രീതിയിൽ നമ്മൾ ഉപയോഗിക്കുന്ന ഭാരത മാതാവിന്റെ ചിത്രമല്ല രാജ്ഭവനിലുള്ളതെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രമാണ്. ഭരണഘടനാ പദവിയുള്ള ഒരിടത്ത് സർക്കാരിന്റെ പരിപാടി അങ്ങനെ നടത്തുന്നത് ഭരണഘടനാപരമായി ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.

Read Also: ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് ആവശ്യം; രാജ്ഭവനിലെ പരിസ്ഥിതി ദിന പരിപാടി ഒഴിവാക്കി കൃഷിവകുപ്പ്

ആർഎസ്എസ് മാത്രം ഇന്ത്യയിൽ ഉപയോഗിക്കുന്ന ഭാരത മാതാവിൻറെ ചിത്രമാണ് രാജ്ഭവനിൽ ഉള്ളത്. അതിൽ പുഷ്പാർച്ചന നടത്തണം എന്നതിനോട് സർക്കാരിന് യോജിക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് സർക്കാറിന് ആ പരിപാടി നടത്താൻ പ്രയാസമായത്. അത് രാജ്ഭവനെ അറിയിക്കുകയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പങ്കെടുത്ത കേരളശ്രീ പുരസ്കാര വിതരണ ചടങ്ങിൽ അങ്ങനെ ഒരു ചിത്രം കണ്ടിരുന്നില്ല. എന്തുകൊണ്ടാണ് പൊടുന്നനെ ഈ മാറ്റമെന്ന് മന്ത്രി ചോദിച്ചു. ഭരണഘടന ലംഘിച്ചുകൊണ്ടുള്ള പ്രവർത്തനം സർക്കാറിന് ചെയ്യാൻ സാധിക്കില്ല. രാജ്ഭവനിൽ ഇരുന്നുകൊണ്ട് ഗവർണർ ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group