Join News @ Iritty Whats App Group

കപ്പലപകടത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാരിനോട് ചോദിച്ച് ഹൈക്കോടതി; പരിണതഫലമെന്തെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്; വിവരം പുറത്തുവിടണം

കേരള തീരത്ത് ലൈബീരിയന്‍ കപ്പല്‍ എംഎസ് സി എല്‍സ 3 മുങ്ങിയതിന്റെ വിശദാംശങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. കപ്പലപകടത്തിന്റെ പരിണതഫലം എന്തെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കള്‍ എന്തൊക്കെയെന്ന വിവരം സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം കേസ് പരിഗണിക്കുമ്പോള്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ കോടതിയെ അറിയിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ആകെ 643 കണ്ടെയ്‌നറുകളാണ് ആലപ്പുഴയ്ക്ക് സമീപം മുങ്ങിയ എം.എസ്.സി. എല്‍സ 3 എന്ന കാര്‍ഗോ ഷിപ്പില്‍ ഉണ്ടായിരുന്നത്. 13 കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള അപകടകരമായ വസ്തുക്കളും ഉണ്ടായിരുന്നു. ഇതുകൂടാതെ കപ്പലിലെ ഇന്ധനം കടലില്‍ പടരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നതിന് ഇടയിലാണ് ഹൈക്കോടതി ഉത്തരവ്. കണ്ടയ്‌നറുകളില്‍ ചിലത് തീരത്ത് അടിയുകയും ചെയ്തിരുന്നു. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം തീരങ്ങളിലാണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. ഇതില്‍ പഞ്ഞിയും തേയിലയും ഉള്‍പ്പെടെയുള്ള വസ്തുക്കളായിരുന്നു ഉണ്ടായിരുന്നത്. പൂര്‍ണമായും തകര്‍ന്ന ചില കണ്ടെയ്‌നറുകള്‍ ഒഴിഞ്ഞ നിലയിലായിരുന്നു.

ഈ സാഹചര്യത്തിലാണ് കണ്ടെയ്‌നറുകളില്‍ എന്താണെന്ന കാര്യം വെളിപ്പെടുത്താന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടത്. കൊച്ചിയുടെ പുറംകടലില്‍ ചരക്കുകപ്പല്‍ മുങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഗുരുതര സമൂഹിക പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടവരുത്തിയ സംഭവത്തെ സര്‍ക്കാര്‍ നിസാരമായി കാണരുതെന്ന് നിയമ വിദഗ്ധര്‍. ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ ഉടന്‍ കേസെടുത്ത് നഷ്ടപരിഹാരം ഈടാക്കണമെന്ന് മാരിടൈം നിയമവിദഗ്ധന്‍ വിജെ മാത്യൂസ് വ്യക്തമാക്കിയിരുന്നു.

വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട എംഎസ്സി എല്‍സ 3 ചരക്കുകപ്പല്‍ മെയ് 25നാണ് കൊച്ചി പുറംകടലില്‍ മുങ്ങിയത്. അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. കപ്പല്‍ അപകടത്തെ തുടര്‍ന്ന് ഉപജീവനം ദുരിതത്തിലായ മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം വിതരണം ചെയ്യുന്നതിനായി പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ക്കായി 10 കോടി 55 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കപ്പല്‍ അപകടത്തെ തുടര്‍ന്ന് ഉപജീവനം ബുദ്ധിമുട്ടിലായ മത്സ്യത്തൊഴിലാളികള്‍ക്കാണ് ധനസഹായം ലഭിക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group