രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തങ്ങളുടെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് വൃഷ്ടിയുടെ പലിശ നിരക്ക് കുറച്ചു, എന്നാൽ മറ്റ് പ്രത്യേക നിക്ഷേപങ്ങളുടെ നിരക്കുകളിൽ മാറ്റമില്ല. അമൃത് വൃഷ്ടി എഫ്‌ഡിയുടെ പുതുക്കിയ നിരക്ക് 2025 ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും.
ജൂണിൽ നടന്ന എംപിസി മീറ്റിംഗിൽ റിപ്പോ നിരക്ക് ആർബിഐ 50 ബേസിസ് പോയിന്റ് കുറച്ചിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ആഴ്ച, ഐസിഐസിഐ ബാങ്ക് , എച്ച്ഡിഎഫ്സി ബാങ്ക് , കാനറ ബാങ്ക് എന്നിവയുൾപ്പെടെ മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ കുറച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എസ്ബിഐ പ്രത്യേക നിക്ഷേപ പദ്ധതിയുെട നിരക്കുകൾ കുറയ്ക്കുന്നത്.
എസ്ബിഐയുടെ അമൃത് വൃഷ്ടി പദ്ധതിയുടെ പലിശ നിരക്കുകൾ
അമൃത് വൃഷ്ടി പദ്ധതിയുടെ പലിശ 25 ബേസിസ് പോയിൻ്റാണ് എസ്ബിഐ കുറച്ചിട്ടുള്ളത്. 444 ദിവസത്തെ കാലാവധി വരുന്ന നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 6.60% പലിശ ലഭിക്കും. മുൻപ് ഇത് 6.85 ശതമാനമായിരുന്നു. അതേസമയം, മുതിർന്ന പൗരന്മാർക്കും സൂപ്പർ സീനിയർ പൗരന്മാർക്കും പലിശ നിരക്കിൽ അധിക ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. മുതിർന്ന പൗരന്മാർക്ക് ഇപ്പോൾ പ്രതിവർഷം 7.10% പലിശ നിരക്ക് ലഭിക്കും. 80 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് 10 ബേസിസ് പോയിന്റ് അധികം പലിശ ലഭിക്കും. അതായത് പ്രതിവർഷം 7.20% പലിശ ലഭിക്കും.
എന്താണ് അമൃത് വൃഷ്ടി?
എസ്ബിഐ അമൃത് വൃഷ്ടി സ്‌കീമിൽ നിക്ഷേപിക്കാനുള്ള ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്. അതേസമയം ഉയർന്ന തുകയ്ക്ക് പരിധിയില്ല. അകാല പിൻവലിക്കലുകൾ നടത്തുകയാണെങ്കിൽ പിഴ നൽകേണ്ടതായി വരും. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 0.50% പിഴ.നൽകേണ്ടതായി വരും. 5 ലക്ഷം രൂപയ്ക്ക് മുകളിലും 3 കോടിയിൽ താഴെയുമുള്ള നിക്ഷേപങ്ങൾ: 1% പിഴ.നല്കണം. കൂടാതെ ഏഴ് ദിവസത്തിന് മുമ്പ് പിൻവലിക്കുന്ന നിക്ഷേപങ്ങൾക്ക് പലിശ നൽകില്ല. എന്നിരുന്നാലും, എസ്ബിഐ ജീവനക്കാരെയും പെൻഷൻകാരെയും പിഴകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, കൂടാതെ അവർക്ക് നിക്ഷേപത്തിൻ്റെ യഥാർത്ഥ കാലാവധിക്ക് ബാധകമായ പലിശ ലഭിക്കും.
Post a Comment