Join News @ Iritty Whats App Group

‘ശുചിമുറിയിൽ പ്രസവിച്ചത് യൂട്യൂബ് നോക്കി, വയറ് മറയ്ക്കാൻ തുണികെട്ടി ​’; കുഞ്ഞുങ്ങളെ കൊലപ്പെടുത്തി സംസ്കരിച്ച കുഴികൾ തുറന്ന് ഇന്ന് പരിശോധന, ഭവിനെയും അനീഷയെയും കോടതിയിൽ ഹാജരാക്കും

തൃശൂർ പുതുക്കാട് നവജാത ശിശുക്കളെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ ഇന്ന് കുഴികൾ തുറന്നുള്ള പരിശോധന നടക്കും. ഒന്നാം പ്രതി അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന. പ്രതികളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇന്നലെ ഇരുപ്രതികളെയും ആമ്പല്ലൂരിലെയും നൂലുവള്ളിയിലെയും വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 2021 നവംബർ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29ന് ചേട്ടന്റെ മുറിയിൽ വച്ച് രണ്ടാമത്തെ കുഞ്ഞിനെയും കൊന്നു. രണ്ടു കൊലപാതകങ്ങൾക്ക് ശേഷം നാലും എട്ടും മാസത്തെ ഇടവേളകളിലാണ് അസ്ഥി പെറുക്കി കർമ്മം ചെയ്യാനായി സൂക്ഷിച്ചത്. രണ്ടു പ്രതികളും തമ്മിലുള്ള തർക്കത്തെത്തുടർന്ന് ഭവിനാണ് അസ്ഥികളുമായി പുതുക്കാട് സ്റ്റേഷനിലെത്തി വിവരം പറഞ്ഞത്.

പ്രതി അനീഷ ശുചിമുറിയിൽ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്ന വിവരമാണ് പുറത്തുവരുന്നത്. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതും പ്രതിക്ക് സഹായകമായെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. വയറ് മറയ്ക്കാൻ തുണികെട്ടി, ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി. ആദ്യ കുഞ്ഞിനെ കുഴിച്ചിടാൻ വീടിന്റെ പിൻഭാഗത്താണ് ആദ്യം കുഴിയെടുത്തത്. എന്നാൽ അയൽവാസി ഗിരിജ ഇത് കണ്ടതിനാൽ ആ സ്ഥലം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വീടിന്റെ ഇടതുഭാഗത്തെ മാവിൻ ചുവട്ടിൽ കുഴിച്ചിട്ടു.

അതേസമയം ആദ്യ കുഞ്ഞിന്റെ മൃതദേഹ അവശിഷ്ടങ്ങളിൽ നിന്ന് മരണകാരണം കണ്ടെത്തുക വെല്ലുവിളിയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൊലപാതകം നടന്ന് നാലുകൊല്ലം കഴിഞ്ഞതിനാൽ അവശിഷ്ടങ്ങൾ കണ്ടെത്തുക എന്നതും വെല്ലുവിളിയാണ്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നായിരുന്നു മൊഴി. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ അടയാളങ്ങൾ കണ്ടെത്തുകയാണ് പ്രയാസം. ഇക്കാര്യത്തിൽ വിദ​ഗ്ധ അഭിപ്രായം തേടിയിരിക്കുകയാണ് പൊലീസ്.

Post a Comment

Previous Post Next Post
Join Our Whats App Group