Join News @ Iritty Whats App Group

സംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് തിരഞ്ഞെടുക്കും; കൂടുതൽ സാധ്യത റവാഡ ചന്ദ്രശേഖറിന്

സംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് തിരഞ്ഞെടുക്കും. കേന്ദ്ര കാബിനറ്റ് സെക്രട്ടറി റവാഡ ചന്ദ്രശേഖറിനാണ് കൂടുതൽ സാധ്യത. രാവിലെ ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നത്. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് വിരമിക്കും. വൈകിട്ട് മൂന്ന് മണിക്കാവും പുതിയ പൊലീസ് മേധാവി ചുമതല ഏറ്റെടുക്കുക.

യുപിഎസ്‌സി കൈമാറിയ മൂന്നംഗ പട്ടികയിൽ നിന്നാണ് നിയമനം. പട്ടികയിലെ രണ്ടാമനാണ് കേന്ദ്ര കാബിനറ്റ് സെക്രട്ടറി റവാഡ ചന്ദ്രശേഖർ. നിധിൻ അഗർവാൾ, യോഗേഷ് ഗുപ്ത എന്നിവരും പട്ടികയിൽ ഉണ്ട്. 1991 ഐപിഎസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖർ. ദീർഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖർ. ഒരു വർഷം കൂടി സർവീസ് കാലാവധിയുള്ള റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള താൽപര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നു.

കൂത്തുപറമ്പ് വെടിവെപ്പ് സമയത്തെ റവാഡയുടെ ഇടപെടലിൽ സിപിഐഎമ്മിന് അമർഷമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ റവാഡ ചന്ദ്രശേഖർ തന്നെ സംസ്ഥാന പൊലീസ് മേധാവിയായി എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖ‍ർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം ആർ അജിത് കുമാർ എന്നിവർ അടങ്ങുന്ന പട്ടികയാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിനായി സംസ്ഥാന സർക്കാർ യുപിഎസ്‌സിക്ക് നൽകിയത്. ഇതിൽ നിന്ന് മൂന്ന് പേരെ ഉൾപ്പെടുത്തിയാണ് യുപിഎസ്‌സി ചുരുക്കപ്പട്ടിക സ‍ർക്കാരിന് കൈമാറിയത്.

സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് എംആർ അജിത്കുമാറിനെ ഒഴിവാക്കിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനം, ആ‍ർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കം നിരവധി ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉണ്ടായിരുന്നത്. അതിൽത്തന്നെ ഏറ്റവും പ്രധാനപ്പെട്ടത് തൃശൂർ പൂരം കലക്കൽ ആരോപണമായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group