Join News @ Iritty Whats App Group

ക്ഷേമപെന്‍ഷനെ കൈക്കൂലിയെന്ന് അധിക്ഷേപിച്ചത് പാവപ്പെട്ടവരോടുള്ള യുഡിഎഫിന്റെ മനോഭാവം; വന്യജീവി അക്രമണത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യമന്ത്രി

ക്ഷേമപെന്‍ഷനെ കൈക്കൂലിയെന്ന് വിളിച്ച് യുഡിഎഫ് അധിക്ഷേപം നടത്തിയെന്ന് ആവര്‍ത്തിച്ച്
മുഖ്യമന്ത്രി പിണറായി വിജയന്‍. പാവപ്പെട്ടവരോടുള്ള യുഡിഎഫിന്റെ മനോഭാവമാണ് ഇതിലൂടെ തുറന്നുകാണിക്കപ്പെട്ടത്. എല്‍ഡിഎഫ് സര്‍ക്കാര്‍ 18 മാസത്തെ പെന്‍ഷന്‍ കുടിശിക കൊടുത്തുതീര്‍ത്തു. ഒപ്പം പെന്‍ഷനില്‍ വര്‍ധനവും കൊണ്ടുവന്നു.

പാവപ്പെട്ട ജനങ്ങള്‍ക്ക് മാസംതോറും കൃത്യമായി പെന്‍ഷന്‍ കൊടുത്തു തീര്‍ക്കുന്നതിനെയാണ് യുഡിഎഫ് കൈക്കൂലി എന്ന് ആക്ഷേപിക്കുന്നത്. യുഡിഎഫ് എന്ത് ആരോപിച്ചാലും ഇത്തരം ജനക്ഷേമകാര്യങ്ങളില്‍ നിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്‍വാങ്ങില്ല.

കേരളം അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി മാറാന്‍ പോവുകയാണെന്നും പൊതുവിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും കാര്‍ഷിക വലിയ മുന്നേറ്റങ്ങളാണ് കേരളം കാഴ്ചവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷന്‍ വഴി നാലര ലക്ഷം വീടുകള്‍ നിര്‍മിച്ചു കഴിഞ്ഞതായും ബാക്കിയുള്ളവ ഏതാനും മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

1972ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരാണ് മൃഗങ്ങള്‍ക്ക് സംരക്ഷണം നല്‍കിയുള്ള നിയമഭേദഗതി കൊണ്ടുവന്നത്. കോണ്‍ഗ്രസ് കൊണ്ടുവന്ന ആ നിയമത്തിന്റെ സംരക്ഷകരായി ഇന്നത്തെ കേന്ദ്ര സര്‍ക്കാരും നില്‍ക്കുന്നു. അതിനാല്‍ വന്യജീവി അക്രമണത്തില്‍ കോണ്‍ഗ്രസിനും ഇന്ന് രാജ്യം ഭരിക്കുന്ന ബിജെപിക്കും ഉത്തരവാദിത്തമുണ്ട്. വന്യജീവി ആക്രമണം തടയാനായി സംസ്ഥാനം സമര്‍പ്പിച്ച പാക്കേജിന് ഇതുവരെ കേന്ദ്രം അംഗീകാരം നല്‍കിയിട്ടില്ല. എങ്കിലും ഇക്കാര്യത്തില്‍ ചെയ്യാവുന്നതെല്ലാം കേരളം ചെയ്യുന്നുണ്ട്. അവ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം മനുഷ്യന് മാത്രമാണ് ബാധകം. മൃഗങ്ങള്‍ക്ക് ബാധകമല്ല. 1972ലെ നിയമമാണ് അതിന് കാരണം. ഈ നിയമപ്രകാരം മൃഗങ്ങള്‍ക്ക് പൂര്‍ണ സുരക്ഷ ലഭിച്ചു. അവയെ ഉപദ്രവിക്കാന്‍ പറ്റില്ല. കേന്ദ്ര നിയമം ആയതിനാല്‍ അവ ഭേദഗതി ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്കാകില്ല. കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ മാത്രമേ സാധിക്കു. അക്കാര്യം നിരന്തരം നമ്മള്‍ ചെയ്യുന്നുണ്ട്. പറ്റില്ല എന്ന മറുപടിയാണ് ഓരോ തവണയും കേന്ദ്ര മന്ത്രിമാര്‍ നല്‍കുന്നത്. ഇത് നിരാശാജനകമാണ്. കേന്ദ്ര നിയമം ഭേദഗതി ചെയ്യണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിന് സമാനമായ ആവശ്യം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും അദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group