മലപ്പുറം: സംസ്ഥാനത്ത് ജൂൺ 6 ന് പ്രഖ്യാപിച്ചിരുന്ന ബക്രീദ് അവധി മാറ്റിയ സംഭവത്തിൽ വിമർശനം കടുക്കുന്നു. വെള്ളിയാഴ്ച പ്രഖ്യാപിച്ച പെരുന്നാള്‍ അവധി സര്‍ക്കാര്‍ നിഷേധിച്ചത് തെറ്റെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എംഎല്‍എ വിമർശിച്ചു. നേരത്തെ പ്രഖ്യാപിച്ച അവധി കണക്കിലെടുത്ത് യാത്രകളടക്കം ക്രമീകരിച്ച വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ദുരിതത്തിലാക്കുന്നതാണ് സര്‍ക്കാര്‍ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെള്ളിയാഴ്ചത്തെ അവധി പുനസ്ഥാപിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ബലിപെരുന്നാൾ അവധി ശനിയാഴ്ച മാത്രമാക്കി കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സര്‍ക്കാര്‍ കലണ്ടറിൽ നാളെ രേഖപ്പെടുത്തിയിരുന്ന അവധിയാണ് മറ്റന്നാളേക്ക് മാറ്റിയത്. മുഖ്യമന്ത്രി തീരുമാനത്തിൽ ഒപ്പുവച്ചു. ഉത്തരവ് സ്‌കൂളുകൾക്കും ഓഫീസുകൾക്കും ഒരുപോലെ ബാധകമാണ്. മാസപ്പിറവി വൈകിയതിനാലാണ് ബലിപെരുന്നാൾ ശനിയാഴ്ചത്തേക്ക് മാറിയത്. അവധി ഒറ്റദിവസമാക്കിയതിനെ വിമർശിച്ച് മുസ്ലീം ലീഗും രംഗത്തെത്തി. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മറ്റ് വിഭാഗങ്ങൾക്കും പ്രഖ്യാപിച്ച അവധി മാറ്റിയത് ബുദ്ധിമുട്ടാണെന്നും അറഫാ ദിനം പ്രമാണിച്ച് അവധി പുനഃസ്ഥാപിക്കണമെന്നും വിവിധ മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടു. വെള്ളിയും കൂടി അവധി പ്രഖ്യാപിക്കണമെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമും ആവശ്യപ്പെട്ടു.
നാളത്തെ പെരുന്നാൾ അവധി ഇന്ന് റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമാണെന്ന് ഷാഫി പറമ്പിൽ എംപിയും പ്രതികരിച്ചു. വിദ്യാർത്ഥികളുടെ ബക്രീദ് അവധി കവർന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാർഹമെന്ന് അധ്യാപക സംഘടനയായ കെപിഎസ്ടിഎ പറഞ്ഞു. വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് പ്രഖ്യാപിച്ചിട്ടുള്ള വെള്ളിയാഴ്ച അവധി നിലനിർത്തി കുട്ടികൾക്ക് മതപരമായ കാര്യങ്ങൾക്ക് സമയം അനുവദിക്കണമെന്ന് കെപിഎസ്ടിഎ സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
Post a Comment