Join News @ Iritty Whats App Group

ബക്രീദ് അവധി; വിമർശനം കടുക്കുന്നു, നാളത്തെ അവധി ഇന്ന് റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

കോഴിക്കോട്: 
സംസ്ഥാനത്ത് ജൂൺ 6 നാളെ പ്രഖ്യാപിച്ച ബക്രീദ് അവധി മാറ്റിയ സംഭവത്തിൽ വിമർശനം കടുക്കുന്നു. മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം സർക്കാരിനെതിരെ രം​ഗത്ത് വന്നിരുന്നു. കൂടാതെ അധ്യാപിക സംഘടനയായ കെപിഎസ്ടിഎയും വിമർശനവുമായെത്തി. നാളത്തെ പെരുന്നാൾ അവധി ഇന്ന് റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമാണെന്ന് ഷാഫി പറമ്പിൽ എംപിയും പ്രതികരിച്ചു.

വിദ്യാർത്ഥികളുടെ ബക്രീദ് അവധി കവർന്നത് പ്രതിഷേധാർഹമെന്ന് കെപിഎസ്ടിഎ പറഞ്ഞു. കേരളത്തിൽ ബക്രീദ് അവധി കലണ്ടർ പ്രകാരം ജൂൺ 6 വെള്ളിയാഴ്ചയാണ്. എന്നാൽ ഇപ്പോൾ വന്ന സർക്കാർ ഉത്തരവ് അനുസരിച്ച് ബക്രീദ് അവധി വെള്ളിയാഴ്ചയ്ക്ക് പകരം ശനിയാഴ്ചയാക്കി മാറ്റി. ഇതോടെ ശനിയാഴ്ച അവധിയുള്ള വിദ്യാർത്ഥികൾക്ക് ബക്രീദിന് ഒരു ദിവസം പോലും സർക്കാർ അവധി നൽകാത്ത സാഹചര്യമാണ് എന്നാണ് വിമര്‍ശനം.

വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് വെള്ളിയാഴ്ച ബക്രീദ് അവധിയാണ്. ഈ ദിവസം ഒഴിവാക്കിയാണ് പ്രവൃത്തി മണിക്കൂറുകൾ ഉൾപ്പെടെ കണക്കാക്കിയിട്ടുള്ളത്. എന്നിട്ടും യാതൊരു കാരണവുമില്ലാതെ വിദ്യാർത്ഥികൾക്ക് വെള്ളിയാഴ്ച ബക്രീദ് അവധി നിഷേധിച്ചത് വിവേചനപരവും പ്രതിഷേധാർഹവുമാണെന്ന് കെപിഎസ്ടിഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് പ്രഖ്യാപിച്ചിട്ടുള്ള വെള്ളിയാഴ്ച അവധി നിലനിർത്തി കുട്ടികൾക്ക് മതപരമായ കാര്യങ്ങൾക്ക് സമയം അനുവദിക്കണമെന്ന് കെപിഎസ്ടിഎ സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് നാളെ പ്രവർത്തി ദിവസമാക്കിക്കൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയത്. സംസ്ഥാന സര്‍ക്കാരിൻ്റെ കലണ്ടറിൽ ബലിപെരുന്നാൾ അവധിയായി നിശ്ചയിച്ചിരുന്നത് നാളെയായിരുന്നു. എന്നാൽ കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് ബലി പെരുന്നാൾ ശനിയാഴ്ചയായിരിക്കുമെന്ന് വ്യക്തമായതോടെയാണ് അവധിയും മാറ്റിയത്. സർക്കാർ ഉത്തരവ് സ്‌കൂളുകൾക്കും ഓഫീസുകൾക്കും ബാധകമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group