Join News @ Iritty Whats App Group

മതസംഘടനകള്‍ക്ക് അഭിപ്രായം പറയാം, ആജ്ഞാപിക്കാന്‍ പുറപ്പെടരുത്; മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തില്‍ മതം വിദ്യാഭ്യാസത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് സിപിഎം

മതസംഘടനകള്‍ക്ക് സമൂഹത്തിലെ കാര്യങ്ങളിലും വിദ്യാഭ്യാസകാര്യങ്ങളിലും അഭിപ്രായം പറയാന്‍ അവകാശമുണ്ടെങ്കിലും ആജ്ഞാപിക്കാന്‍ പുറപ്പെടരുതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ഈ സമൂഹത്തില്‍ എല്ലാവരും ഒരുമിച്ചാണ് ജീവിക്കുന്നത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന് പറയുന്നത് ആധുനിക കാലഘട്ടത്തിന് യോജിച്ചതല്ല.

കുഞ്ഞുങ്ങള്‍ ശാരീരിക-മാനസിക കരുത്തുള്ളവരാവണം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ഇടപഴകി മനസിലാക്കി വളരുമ്പോഴാണ് സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയുന്നത്. സംസ്‌കാരസമ്പന്നമായ ആധുനികമായ സമൂഹമായിട്ടാണ് ഭാവിതലമുറ വളരുന്നത്. നമ്മള്‍ 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. 22-ാം നൂറ്റാണ്ടില്‍ എങ്ങനെയാണ് ജീവിക്കേണ്ടത് എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാലമാണ്. അത്തരമൊരു കാലത്ത് സൂംബ കായികപരിശീലനം പോലുള്ള പരിപാടികള്‍ തെറ്റാണ്, പാടില്ല എന്ന് പറയുന്നത് വിതണ്ഡാവാദമാണ്. അങ്ങനെ വാദിക്കുന്നവര്‍ ആത്മപരിശോധന നടത്തണം.

ആധുനിക മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തില്‍ മതം വിദ്യാഭ്യാസത്തില്‍ നിന്ന് മാറിനില്‍ക്കണം. ഓരോ മതത്തിന്റെയും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മതാചാരപ്രകാരമുള്ള വിദ്യാഭ്യാസം പ്രത്യേകം നടത്താം. അവര്‍ക്കതിനുള്ള അവകാശമുണ്ട്. പൊതുവിദ്യാഭ്യാസമെന്നത് മതനിരപേക്ഷരാഷ്ട്രത്തിന് അനുയോജ്യമായ വിധത്തിലായിരിക്കണം സര്‍ക്കാര്‍ നല്‍കേണ്ടത്.

സൂംബാനൃത്തമെന്ന് പറയുന്നത് കൊളമ്പിയ എന്ന ലാറ്റിനമേരിക്കന്‍ രാജ്യത്ത് കായികക്ഷമതാപരിശീലനത്തിനായി വികസിപ്പിച്ചെടുത്തതാണ്. ശാരീരികക്ഷമത വര്‍ധിപ്പിക്കുന്നതിനായി വികസിപ്പിച്ചെടുത്ത സൂംബ നൃത്തം ഇപ്പോള്‍ വ്യാപകമായിട്ടുണ്ട്. ലാറ്റിനമേരിക്കന്‍ ഗാനങ്ങളെയൊക്കെ ആസ്പദമാക്കിക്കൂടി കായികക്ഷമത വര്‍ധിപ്പിക്കാനുള്ള ശാരീരികവ്യായാമങ്ങള്‍ ചെയ്യാനാണിത്.

Post a Comment

Previous Post Next Post
Join Our Whats App Group