മലപ്പുറം: സൂംബ പരിശീലനം അടിച്ചേൽപ്പിക്കില്ല എന്നുള്ള വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുഎന്ന് ഇ കെ സുന്നി നേതാവ് നാസർ ഫൈസി കൂടത്തായി. പാഠ്യപദ്ധതിയുടെ ഭാഗമാക്കി ഇതിനെ മാറ്റി മാർക്കും മറ്റു നൽകുന്നതിനെ ചൊല്ലി മാത്രമാണ് എതിർപ്പ് ഉള്ളത്. ആവശ്യമില്ലാത്തവർക്ക് വിട്ടുനിൽക്കാം എന്ന നയത്തോട് യോജിപ്പാണ്. സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നുള്ള പിടിവാശിയില്ലെന്നും നാസർ ഫൈസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂളുകളില്‍ നടത്തുന്ന സൂംബ ഡാന്‍സിനെതിരെ ചില കോണിൽ എതിർപ്പ് ഉയരുന്നുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി ഇന്നലെ പറഞ്ഞിരുന്നു. ഇത്തരം എതിർപ്പുകൾ ലഹരിയേക്കാൾ മാരകമാണ്. ഇത് സമൂഹത്തിൽ വിഭാഗീയതക്ക് കാരണമാകും. ഡ്രസ്സ് കോഡ് പാലിച്ചാണ് കായിക വിനോദങ്ങൾ നടത്തുന്നത്. ആരും കുട്ടികളോട് അൽപ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഈ പ്രവർത്തനങ്ങൾ ലഹരി വിരുദ്ധ പ്രവർത്തനത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
സൂംബയിൽ ചർച്ച് ചെയ്തു തെറ്റിദ്ധാരണ നീക്കാൻ തയ്യാറാണ്. എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല ഇതൊന്നും വിവാദം ആക്കേണ്ടതില്ല. ഓരോ സ്കൂളിന്‍റേയും സാഹചര്യം അനുസരിച്ചാണ് ഇത് നടപ്പാക്കേണ്ടത്. വിദ്യാഭ്യാസ വകുപ്പിന്‍റെ പരിഷ്കാരണങ്ങൾക്കെതിരെ എതിർപ്പ് കൊണ്ടു വരുന്നവർക്ക് അജണ്ടകൾ ഉണ്ടാകാം. സൂംബയിൽ വ്യക്തിപരമായി ഏതെങ്കിലും കുട്ടിക്ക് പങ്കെടുക്കാൻ കഴിയില്ലെങ്കിൽ സ്കൂൾ അധികൃതരെ അറിയിച്ചാൽ മതി. സ്കൂളുകൾക്ക് ഇതിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ല. അൽപ വസ്ത്രം ധരിച്ചാണ് കുട്ടികൾ ഇടപഴകുന്നത് എന്നു പറയുന്നത് വൃത്തികെട്ട കണ്ണ് കൊണ്ടു നോക്കുന്നതിനാലാണ്. രാഷ്ട്രീയമാണ് ഈ വിഷയം എങ്കിൽ രാഷ്ട്രീയമായി നേരിടുമെന്നും മന്ത്രി പറഞ്ഞിരുന്നു.
Post a Comment