Join News @ Iritty Whats App Group

കർണാടകയിലെ ബാങ്ക് കൊള്ള: ഒരു മാസത്തോളം ബാങ്കിനുള്ളിൽ ജോലി ചെയ്ത ഇതര സംസ്ഥാനക്കാർ പ്രതികളെന്ന് സംശയം


ബെംഗളൂരു: കർണാടകയിലെ ബാങ്ക് കൊള്ളയ്ക്ക് പിന്നിൽ ബിഹാറിൽ നിന്നുള്ള സംഘമെന്ന് സംശയം. രണ്ട് മാസം മുൻപ് ബാങ്കിൽ ഫർണിച്ചർ ജോലിക്ക് വന്ന സംഘത്തെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ബിഹാർ സ്വദേശികളായ ഒരു സംഘമാണ് ബാങ്കിന്‍റെ ഫർണിച്ചറുകൾ പണിയാൻ വന്നത്. ഇവരിവിടെ ഒരു മാസത്തോളം ജോലി ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. വിജയപുരയിലെ കാനറ ബാങ്ക് ബ്രാഞ്ചിൽ നിന്ന് 52 കോടി രൂപയുടെ സ്വർണവും അഞ്ച് ലക്ഷത്തിലധികം രൂപയുമാണ് കൊള്ളയടിച്ചത്. 

ഈ ഫ‍ർണിച്ചർ തൊഴിലാളികളിൽ ആരെങ്കിലും ബാങ്കിന്‍റെ ഒറിജിനൽ താക്കോലുകൾ ഉള്ള സ്ഥലം നിരീക്ഷിച്ചിരിക്കാമെന്നും ഇവർ ഈ വിവരം കൊള്ളസംഘത്തിന് കൈമാറിയതാകാമെന്നുമാണ് പൊലീസ് കരുതുന്നത്. കൊള്ള നടന്ന ബാങ്കിലേക്ക് ആരും അതിക്രമിച്ച് കയറിയതായി വിവരമില്ല. ലോക്കറുകൾ ഒറിജിനൽ താക്കോലുകൾ കൊണ്ടാണ് തുറന്നത്. അതിനാൽ തന്നെ ബാങ്കിലെ ജീവനക്കാരുടെ ആരുടെയെങ്കിലും സഹായം കൊള്ളസംഘത്തിന് കിട്ടിയോ എന്നതും പരിശോധിക്കുന്നുണ്ട്.

രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളകളിൽ ഒന്നാണിത്. ബാങ്ക് കൊള്ളകളുടെ ഒരു പരമ്പരയാണ് ആറ് മാസത്തിനിടെ കർണാടകയിൽ നടന്നത്. അതിൽ ഒടുവിലത്തേതാണ് വിജയപുരയിലെ കനറാ ബാങ്കിന്‍റെ മണഗുളി ബ്രാഞ്ചിലുണ്ടായത്. മെയ് 23 മുതൽ മെയ് 25 വരെയുള്ള ദിവസങ്ങളിൽ സിസിടിവി ഓഫായിരുന്നു. നെറ്റ്‍വർക്ക് വീഡിയോ റെക്കോർഡർ മോഷ്ടാക്കൾ കൊണ്ട് പോയി. മോഷണം വൈകി മാത്രം റിപ്പോർ‍ട്ട് ചെയ്തതും പൊലീസിന് തലവേദനയാണ്. സംഭവത്തിൽ മൂന്ന് പേരടങ്ങുന്ന എട്ട് സംഘങ്ങൾ അന്വേഷണം നടത്തുമെന്നും, എട്ട് പേരോളം മോഷണസംഘത്തിലുണ്ടെന്നാണ് സൂചനയെന്നും വിജയപുര എസ്‍പി ലക്ഷ്മൺ നിംബാർഗി പ്രതികരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group