Join News @ Iritty Whats App Group

കൊട്ടിക്കയറാതെ ആർസിബി, ടോപ് സ്കോററായി വിരാട് കോലി, ഐപിഎൽ കിരീടപ്പോരിൽ പഞ്ചാബിന് 191 റണ്‍സ് വിജയലക്ഷ്യം


അഹമ്മദാബാദ്: ഐപിഎല്‍ കിരീടപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പഞ്ചാബിന് 191 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റൺസടിച്ചു. 43 റണ്‍സെടുത്ത വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. പഞ്ചാബിനുവേണ്ടി കെയ്ല്‍ ജയ്മിസണും അര്‍ഷ്ദീപ് സിംഗും മൂന്ന് വിക്കറ്റ് വീതമെടുത്തു.

പവറോടെ തുടങ്ങി

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ ആര്‍സിബിക്ക് പവര്‍ പ്ലേയില്‍ വിരാട് കോലിയും ഫിൽ സാള്‍ട്ടും നല്ല തുടക്കമാണ് നല്‍കിയത്.അര്‍ഷ്ദീപ് സിംഗിന്‍റെ ആദ്യ ഓവറില്‍ തന്നെ 13 റണ്‍സടിച്ചു തുടങ്ങിയ സാള്‍ട്ട് പക്ഷെ രണ്ടാം ഓവറില്‍ മടങ്ങി. കെയ്ൽ ജമൈസണ്‍ ആണ് സാള്‍ട്ടിനെ(9 പന്തില്‍ 16) വീഴ്ത്തി ആര്‍സിബിക്ക് ആദ്യപ്രഹരമേല്‍പ്പിച്ചത്. രണ്ടാം വിക്കറ്റില്‍ വിരാട് കോലിയും മായങ്ക് അഗര്‍വാളും ചേര്‍ന്ന് പവര്‍പ്ലേയില്‍ ആര്‍സിബിയെ 55 റണ്‍സിലെത്തിച്ചു. എന്നാല്‍ പവര്‍ പ്ലേക്ക് തൊട്ടുപിന്നാലെ ഏഴാം ഓവറില്‍ മായങ്ക് അഹര്‍വാളെ(18 പന്തില്‍ 24) യുസ്‌വേന്ദ്ര ചാഹല്‍ ആര്‍സിബിയുടെ കുതിപ്പിന് കടിഞ്ഞാണിട്ടു. 

വിരാട് കോലിയും ക്യാപ്റ്റൻ രജത് പാട്ടീദാറും ചേര്‍ന്ന് ആര്‍സിബിയെ 100 കടത്തുമെന്ന് കരുതിരിക്കെ ജമൈസണ്‍ വീണ്ടും ആഞ്ഞടിച്ചു. സിക്സ് നേടിയതിന് പിന്നാലെ പാട്ടീദാറെ(16 പന്തില്‍ 26) വിക്കറ്റിന് മുന്നില്‍ കുടുക്കി ജമൈസണ്‍ ആര്‍സിബിയുടെ മൂന്നാം വിക്കറ്റുമെടുത്തു. ആര്‍സിബി 96 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു അപ്പോള്‍. ലിയാം ലിവിംഗ്‌സ്റ്റണും കോലിയും ചേര്‍ന്ന് ആര്‍സിബിയെ 11-ാം ഓവറില്‍ 100 കടത്തി. ചാഹലിനെതിരെ ലിവിംഗ്സറ്റണ്‍ സിക്സും കോലി ബൗണ്ടറിയും നേടി ആര്‍സിബി വീണ്ടും ഗിയര്‍ മാറ്റാന്‍ തുടങ്ങിയപ്പോള്‍ തന്നെ കോലിയെ വീഴ്ത്തി അസ്മത്തുള്ള ഒമര്‍സായി ആര്‍സബിയെ ഞെട്ടിച്ചു. 35 പന്ത് നേരിട്ട കോലി മൂന്ന് ബൗണ്ടറിയടക്കം 43 റണ്‍സാണ് നേടിയത്.

വെടിക്കെട്ടുമായി ജിതേഷ്

കോലി മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ജിതേഷ് ശര്‍മയുടെ വെടിക്കെട്ടാണ് ആര്‍സിബിയെ മികച്ച സ്കോറിലേക്ക് നയിച്ചത്. പഞ്ചാബിന്‍റെ മികച്ച ബൗളറായ ജമൈസണെതരിരെ തുടര്‍ച്ചയായി സിക്സുകള്‍ പറത്തി ജിതേഷ് ആര്‍സിബിയെ പതിനേഴാം ഓവറില്‍ 150 കടത്തി. പിന്നാലെ ലിവിംഗ്‌സ്റ്റണും ജമൈസണെ സിക്സിന് തൂക്കിയതോടെ കോലി പുറത്തായശേഷം 13 പന്തില്‍ ആര്‍സിബി 36 റണ്‍സ് നേടി ടോപ് ഗിയറിലായി. എന്നാല്‍ പതിനേഴാം ഓവറിൽ 23 റണ്‍സ് വഴങ്ങിയെങ്കിലും അവസാന പന്തില്‍ ലിവിംഗ്‌സ്റ്റണെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ജമൈസണ്‍ ആര്‍സിബിക്ക് വീണ്ടും ബ്രേക്കിട്ടു.

തൊട്ടടുത്ത ഓവറില്‍ റൊമാരിയോ ഷെപ്പേര്‍ഡിന്‍റെ ക്യാച്ച് പഞ്ചാബ് കൈവിട്ടു. തൊട്ടുപിന്നാലെ വിജയകുമാര്‍ വൈശാഖിന്‍റെ പന്തില്‍ ജിതേഷ് ശര്‍മയെ വിക്കറ്റ് കീപ്പര്‍ ക്യാച്ചെടുത്ത് പുറത്താക്കിയതായി അമ്പയര്‍ വിധിച്ചെങ്കിലും റിവ്യു എടുത്ത് രക്ഷപ്പെട്ടു. എന്നാല്‍ അടുത്ത പന്തില‍ ബൗള്‍ഡായി ജിതേഷ്(10 പന്തില്‍ 24) മടങ്ങിയത് ആര്‍സിബിക്ക് കനത്ത പ്രഹരമായി. വൈശാഖ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് ആര്‍സിബിക്ക് നേടാനായാത്.

അസ്മത്തുള്ള ഒമര്‍സായി എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 14 റണ്‍സടിച്ച ആര്‍സിബി 200 കടക്കുമെന്ന് കരുതിയെങ്കിലും അവസാന ഓവറിലെ രണ്ടാം പന്തില്‍ റൊമാരിയോ ഷെപ്പേര്‍ഡിനെയും(9 പന്തില്‍ 17), നാലാം പന്തില്‍ ക്രുനാൽ പാണ്ഡ്യയെയും(5 പന്തില്‍ 4), അവസാന പന്തില്‍ ഭുവനേശ്വര്‍ കുമാറിനെയും(1) വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗ് മൂന്ന് റണ്‍സ് മാത്രം വഴങ്ങി ആര്‍സിബിയെ 190ല്‍ പിടിച്ചുനിര്‍ത്തി. അവസാന അഞ്ചോവറില്‍ 58 റണ്‍സ് മാത്രമാണ് ആര്‍സിബി നേടിയത്. അവസാന 20 പന്തില്‍ 23 റണ്‍സ് മാത്രം നേടിയ ആര്‍സിബിക്ക് 5 വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. പഞ്ചാബിനായി ജമൈസണ്‍ 48 റണ്‍സിനും അര്‍ഷ്ദീപ് സിംഗ് 40 റണ്‍സിനും 3 വിക്കറ്റ് വീതം വീഴ്ത്തി.

Post a Comment

Previous Post Next Post
Join Our Whats App Group