Join News @ Iritty Whats App Group

കാവിക്കൊടിയേന്തിയ സ്ത്രീയെ പൂവിട്ട് പൂജിക്കുന്ന ഗവർണർ ഭരണഘടനയെ ആക്ഷേപിക്കുന്നു,മതേതര മൂല്യങ്ങളെ തകർക്കുന്ന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:രാജ്ഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കുകയും പൂവിട്ട് തൊഴുകയും ചെയ്ത ഗവർണറുടെ നടപടി ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഭരണഘടനാപരമായ പദവിയിലിരിക്കുന്ന ഒരാൾ ഒരു പ്രത്യേക മതപരമായ ബിംബത്തെ ഔദ്യോഗിക ചടങ്ങിൽ ആരാധിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുന്നതിന് തുല്യമാണ്.


ഇന്ത്യൻ ഭരണഘടനയുടെ ആമുഖം രാജ്യം ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക് ആണെന്ന് വ്യക്തമായി പ്രഖ്യാപിക്കുന്നു. ഭരണഘടനയുടെ അനുഛേദം 14 നിയമത്തിന് മുന്നിൽ എല്ലാവർക്കും തുല്യത ഉറപ്പാക്കുന്നു. അതോടൊപ്പം, അനുഛേദം 15 (1) മതം, വർഗ്ഗം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നു. അനുഛേദം 25 മുതൽ 28 വരെ മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെങ്കിലും, അത് ഏതൊരു മതപരമായ ആചാരവും ഔദ്യോഗിക ഭരണഘടനാ പദവിയിലുള്ളവർ സർക്കാർ പരിപാടികളിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അനുവാദമല്ല. മറിച്ച്, മതപരമായ കാര്യങ്ങളിൽ നിഷ്പക്ഷത പാലിക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ടെന്ന് ഈ അനുഛേദങ്ങൾ വ്യക്തമാക്കുന്നു. ഗവർണറുടെ ഈ പ്രവൃത്തി ഇന്ത്യൻ ഭരണഘടനയുടെ സെക്കുലർ സ്വഭാവത്തിന്മേലുള്ള കടന്നാക്രമണമാണ്. ഇത് പ്രോട്ടോകോൾ ലംഘനം മാത്രമല്ല, ഭരണഘടന ഉറപ്പുനൽകുന്ന മതേതര മൂല്യങ്ങളെ തകർക്കുന്ന നടപടിയുമാണ്.

ഒരു ഭരണഘടനാ സ്ഥാപനം ഒരു പ്രത്യേക മതപരമായ പ്രതീകത്തെ ഉയർത്തിക്കാട്ടുന്നത് മറ്റ് മതവിഭാഗങ്ങളോടുള്ള അവഗണനയായും കണക്കാക്കപ്പെടും. ഇത് സമൂഹത്തിൽ ഭിന്നത വളർത്താൻ മാത്രമേ സഹായിക്കൂ. ഇത്തരം ഭരണഘടനാ ലംഘനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിയാത്തതുകൊണ്ടാണ് രാജ്ഭവനിലെ ചടങ്ങിൽ നിന്ന് ഇറങ്ങിയത്. ഭരണഘടനയെ ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്തത്. ഇന്ത്യൻ ഭരണഘടനയുടെ മതേതരത്വം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ പ്രതിജ്ഞാബദ്ധനാണ്. ഇന്ത്യയിൽ ഭരണഘടനയാണ് പരമോന്നതമെന്നും ജനാധിപത്യത്തിന്റെ മറ്റു മൂന്ന് തൂണുകളും അതിന് കീഴിലാണ് പ്രവർത്തിക്കുന്നു എന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ചൂണ്ടിക്കാണിച്ചത് കഴിഞ്ഞ ദിവസമാണ്.

സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധി പ്രകാരം ഭരണഘടന ഭേദഗതി വരുത്താൻ പാർലമെന്റിന് അധികാരം ഉണ്ട് എന്നാൽ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ കഴിയില്ല.കാവിക്കൊടിയേന്തിയ വനിതയെ ഭാരതാംബ എന്നു വിളിച്ച് പൂവിട്ട് തൊഴുന്നതിനെ ന്യായീകരിക്കുന്ന ഗവർണ്ണർ യഥാർത്ഥത്തിൽ ഭരണഘടനയുടെ മതേതര സ്വഭാവത്തെയാണ് ആക്ഷേപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Post a Comment

Previous Post Next Post
Join Our Whats App Group