മലപ്പുറം: തമ്മിൽ കണ്ടപ്പോൾ എതിർ സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്ന് പിവി അൻവർ. കൈ കൊടുത്ത ശേഷം കൂടുതൽ സൗഹൃദ സംഭാഷണത്തിനും അൻവർ തയ്യാറായില്ല. നിലമ്പൂർ മാനവേദൻ സ്കൂളിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു ഇരുവരും. അൻവർ ഉണ്ടെന്ന് അറിഞ്ഞ് ഇവിടേക്ക് നടന്നെത്തിയ ഷൗക്കത്തിനോട് ക്യാമറകൾക്ക് മുന്നിൽ നിന്നാണ് കെട്ടിപ്പിടിക്കരുതെന്ന് അൻവർ പറഞ്ഞത്. ഇതോടെ കൈ കൊടുത്ത് ആര്യാടൻ ഷൗക്കത്ത് പിന്തിരിഞ്ഞ് നടന്നു.
ധൃതരാഷ്ട്രാലിംഗനത്തിൻ്റെ ആളാണ് ഷൗക്കത്തെന്ന് പിന്നീട് പിവി അൻവർ പറഞ്ഞു. രണ്ട് അഭിനേതാക്കൾ തമ്മിലാണ് കെട്ടിപ്പിടിച്ചതെന്ന് സ്വരാജും ഷൗക്കത്തും തമ്മിലെ കൂടിക്കാഴ്ചയെ വിമർശിച്ച അൻവർ താൻ പച്ചമനുഷ്യർക്കൊപ്പം നിൽക്കുന്നയാളാണെന്നും അഭിനയിക്കാനറിയില്ലെന്നും പറഞ്ഞു. സ്ഥാനാർത്ഥികൾ തമ്മിൽ സൗഹൃദം വേണം. പക്ഷെ അത് ആത്മാർത്ഥമായിരിക്കണം. പിന്നിൽ കൂടി പാര വെക്കരുത്.
ആർഎസ്എസുമായി ബന്ധമില്ലെന്ന പിണറായിയുടെ പ്രസ്താവന 2025ലെ ഏറ്റവും വലിയ തമാശയാണെന്നും അൻവർ പറഞ്ഞു. ഇന്നലെ പിണറായി അത്താഴം കഴിച്ചത് പോലും കേന്ദ്രത്തിന്റെ ആളുകൾക്കൊപ്പമായിരിക്കാം. സ്വന്തം മകളെ രക്ഷപ്പെടുത്താൻ വേണ്ടി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത ആളാണ് പിണറായിയെന്നും അദ്ദേഹം വിമർശിച്ചു.
Post a Comment