Join News @ Iritty Whats App Group

വെടിനിർത്തലിന് പിന്നാലെ ഇറാനിൽ ആഘോഷം; ഓപറേഷൻ സിന്ധു തത്കാലം നിർത്തിയെന്ന് ഇന്ത്യൻ എംബസി

ടെഹ്റാൻ: ഇറാൻ - ഇസ്രയേൽ വെടിനിർത്തൽ നിലവിൽ വന്നതോടെ ഇറാനിൽ നിന്നും ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്ന ഓപ്പറേഷൻ സിന്ധു ദൗത്യം തത്കാലം നിർത്തിവെച്ചെന്ന് ഇറാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. അതിനിടെ വെടിനിർത്തൽ നിലവിൽ വന്നതോടെ ഇസ്രയേലിൻ്റെയും അമേരിക്കയുടെയും ഭീഷണിക്ക് മുന്നിൽ കരുത്തോടെ നിലയുറപ്പിച്ചതിന് ഖമനയിയെ പ്രശംസിച്ച് ഇറാൻ ജനത തെരുവുകളിൽ അഹ്ലാദ പ്രകടനം നടത്തി.

പന്ത്രണ്ട് ദിവസം നീണ്ട ആക്രമണത്തിന് ശേഷമാണ് മേഖലയിൽ സമാധാനത്തിൻ്റെ കാഹളം മുഴങ്ങുന്നത്. എന്നാൽ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയത് ആശങ്കയ്ക്ക് കാരണമായി. പക്ഷെ ആക്രമണം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നേരിട്ട് വിളിച്ച് നിർദേശിച്ചു. ഇതോടെ പിൻവാങ്ങുന്നതായി ഇസ്രയേൽ പ്രഖ്യാപിച്ചു. പിന്നാലെ ഇറാനും പ്രത്യാക്രമണം നിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ യുഎസ് ബേസിലേക്ക് നടത്തിയ ആക്രമണം ഖത്തറിന് എതിരെയല്ലെന്ന് വീണ്ടും വീണ്ടും ആവർത്തിച്ച് ഇറാൻ, സൗഹൃദം തകരാതിരിക്കാൻ ശ്രമം തുടരുകയാണ്.

ഇസ്രയേലും ഇറാനും പൂർണ്ണ വെടിനിർത്തൽ കരാറിൽ എത്തിയതായി ട്രംപ് പ്രഖ്യാപിച്ചത് ലോകത്തെ അമ്പരപ്പിച്ചു കൊണ്ടാണ്. ഇത് അംഗീകരിക്കുന്നതായി ഇറാൻ അറിയിച്ചു. ട്രംപിന്റെ പ്രഖ്യാപനം വന്ന് ആറ് മണിക്കൂറിനു ശേഷമാണ് ഇസ്രയേൽ വെടിനിർത്തൽ സ്ഥിരീകരിച്ചത്. ജൂൺ 13നാണ് ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രയേൽ ഏറ്റുമുട്ടലിന് തുടക്കമിട്ടത്. 12 നാൾ നീണ്ട ആക്രമണത്തിൽ ഇസ്രയേലിൽ 29 പേരും ഇറാനിൽ 450 പേരും കൊല്ലപ്പെട്ടു. ഇസ്രയേലിൽ 800 പേർക്കും ഇറാനിൽ മൂവായിരം പേർക്കും പരിക്കേറ്റു. ഇറാന്റെ ആണവായുധ ശേഷി പൂർണമായും ഇല്ലാതായി എന്നാണ് ട്രംപിന്റെ പ്രഖ്യാപനം. പ്രതീകാത്മക ആക്രമണമെന്ന ഇസ്രയേലിന്റെ പ്രഖ്യാപനം അംഗീകരിക്കുന്നതായി ഇറാൻ അറിയിച്ചിട്ടില്ല. ഇറാൻ ആക്രമണം തുടരാൻ സാധ്യതയില്ലെന്നാണ് നിഗമനം.

Post a Comment

Previous Post Next Post
Join Our Whats App Group