Join News @ Iritty Whats App Group

ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെന്റിന്റെ അം​ഗീകാരം, എണ്ണ വില കുത്തനെ ഉയരും

ദില്ലി:മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ട് തകർത്തതിന് പിന്നാലെ ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയതായി സ്റ്റേറ്റ് മീഡിയ പ്രസ് ടിവി ഇന്ന് റിപ്പോർട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും നിർണായകമായ ചോക്ക്പോയിന്റുകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ആഗോള എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്നും ഹോർമുസ് കടലിടുക്കിലൂടെയാണ് പോകുന്നത്. പേർഷ്യൻ ഗൾഫിനെ അറേബ്യൻ കടലുമായും ഇന്ത്യൻ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്.

ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് ഏകദേശം 33 കിലോമീറ്റർ വീതിയുള്ള ചാനൽ ഇറാനെ അറേബ്യൻ ഉപദ്വീപിൽ നിന്ന് വേർതിരിക്കുന്നു. മൂന്ന് കിലോമീറ്റർ മാത്രമാണ് ഈ ഭാ​ഗത്തെ കപ്പൽച്ചാലിന്റെ വീതി. സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തർ, ഇറാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഹോർമുസ് ജലപാതയിലൂടെ കടന്നുപോകണം. അടച്ചുപൂട്ടിയാൽ അമേരിക്കയും യൂറോപ്പും മാത്രമല്ല, ഏഷ്യയും പ്രതിസന്ധിയിലാകും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഹോർമുസ് കടലിടുക്ക് പ്രധാനമാണ്. മൊത്തം ഇറക്കുമതിയായ പ്രതിദിനം 5.5 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയിൽ ഏകദേശം 2 ദശലക്ഷം ബാരൽ ഈ ജലപാതയിലൂടെയാണ് എത്തുന്നത്. ഇറാന്റെ നടപടി ലോകത്താകമാനം എണ്ണ വില കുത്തനെ ഉയരാൻ കാരണമാകുമെന്ന് സാമ്പത്തിക വിദ​ഗ്ധർ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group