Join News @ Iritty Whats App Group

രാജ്യത്ത് ഇനിമുതല്‍ പിന്‍കോഡിന് പകരം 'ഡിജിപിന്‍'; നിങ്ങളുടെ നിലവിലെ പോസ്റ്റല്‍ വിലാസം ഇതോടെ മാറുമോ?



ദില്ലി: രാജ്യത്ത് പിന്‍കോഡിന് പകരം ഉപയോഗിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ മേല്‍വിലാസമായ 'ഡിജിപിന്‍' അവതരിപ്പിച്ചിരിക്കുകയാണ് പോസ്റ്റല്‍ വകുപ്പ്. എന്താണ് ഡിജിപിന്‍ എന്നും, ഡിജിപിന്‍ വന്നതോടെ നിങ്ങളുടെ നിലവിലെ പോസ്റ്റല്‍ അഡ്രസ് മാറുമോ എന്നൊക്കെയുള്ള സംശയങ്ങള്‍ പലര്‍ക്കും കാണും. ഈ സംശയങ്ങള്‍ പരിഹരിക്കാം.

എന്താണ് പിന്‍കോഡും ഡിജിപിനും തമ്മിലുള്ള വ്യത്യാസം?


പിന്‍കോ‍ഡ് എന്നത് വിശാലമായ ഒരു പ്രദേശത്തിനാകെ വരുന്ന തിരിച്ചറിയല്‍ നമ്പറായിരുന്നു. അതായത്, ഒരു പിന്‍കോഡിന് കീഴില്‍ വലിയൊരു പ്രദേശവും അവിടുത്തെ വീടുകളും സ്ഥാപനങ്ങളുമെല്ലാം ഉള്‍പ്പെടുന്നു. എന്നാല്‍ നാല് മീറ്റര്‍ ചുറ്റളവിലേക്ക് വരെ ചുരുങ്ങുന്ന തരത്തില്‍ കിറുകൃത്യമായ ലൊക്കേഷന്‍ ടാഗിംഗാണ് ഡിജിപിനിന്‍റെ സവിശേഷത. നിങ്ങളുടെ വീടോ സ്ഥാപനമോ ഓഫീസോ മറ്റൊരാള്‍ക്ക് മനസിലാക്കാന്‍ ഡിജിപിന്‍ ഉപയോഗിച്ചാല്‍ വളരെയെളുപ്പം കഴിയും

ഡിജിപിന്‍ ഉപയോഗിക്കുന്നെങ്കില്‍ പോസ്റ്റല്‍ അഡ്രസ് മാറുമോ?


നിങ്ങള്‍ പുതിയ ഡിജിപിന്‍ ഉപയോഗിക്കുകയാണെങ്കിലും നിലവിലെ പോസ്റ്റല്‍ വിലാസം മാറില്ല എന്നതാണ് യാഥാര്‍ഥ്യം. പ്രദേശം, സ്ട്രീറ്റ്, വീട്ടുനമ്പര്‍ എന്നിവയെല്ലാം പോസ്റ്റല്‍ അഡ്രസില്‍ കാണും. എന്നാല്‍ ഡിജിപിന്‍ എന്നത് പത്തക്ക കോഡാണ്. നിലവിലെ ലൊക്കേഷന്‍ സംവിധാനങ്ങള്‍ ഒന്നുകൂടി കിറുകൃത്യമാക്കാന്‍ സഹായിക്കുന്ന ഒരു അധിക/നവീന സംവിധാനമായി ഡിജിപിനിനെ കണക്കാക്കാം. ഈ പത്തക്കം നമ്പര്‍ വഴി ഏറ്റവും കൃത്യമായ ലൊക്കേഷന്‍ അറിയാന്‍ സാധിക്കും.


ഡിജിപിന്‍ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു?

ഓരോ സ്ഥലത്തിന്‍റെയും അക്ഷാംശവും രേഖാംശവും കണക്കാക്കിയാണ് ഡിജിപിന്‍ എന്ന ഡിജിറ്റല്‍ അഡ്രസ് സൃഷ്ടിക്കപ്പെടുന്നത്. അക്ഷരങ്ങളും അക്കങ്ങളും ചേര്‍ന്ന പത്തക്ക നമ്പറാണ് ഡിജിപിന്‍.

ഡിജിപിന്‍ ഓഫ്‌ലൈനില്‍ ഉപയോഗിക്കാനാകുമോ?


ഓഫ്‌ലൈനിലും ഉപയോഗിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ് ഡിജിപിൻ ഡിജിറ്റല്‍ അഡ്രസ് സിസ്റ്റം. ഡിജിപിൻ ലഭ്യമാക്കുന്നതിനും ഡീകോഡ് ചെയ്യുന്നതിനുമായി പ്രോഗ്രാമിംഗ് കോഡ് തപാൽ വകുപ്പ് പബ്ലിക് ഡൊമൈനില്‍ പങ്കിട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group