Join News @ Iritty Whats App Group

പരാജയത്തിൽ ആദ്യ പ്രതികരണവുമായി എം സ്വരാജ്; 'ഭരണവിരുദ്ധ വികാരമല്ല, തോൽവിയുടെ പാഠങ്ങള്‍ ഉള്‍കൊണ്ട് മുന്നോട്ടുപോകും'

മലപ്പുറം: നിലമ്പൂര്‍ ഉപതെര‍ഞ്ഞെടുപ്പിലെ പരാജയത്തിൽ ആദ്യ പ്രതികരണവുമായി എൽ‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. തോറ്റ കാരണം പരിശോധിക്കുമെന്നും ഭരണവിരുദ്ധ വികാരമെന്ന് വിലയിരുത്താനാകില്ലെന്നും എം സ്വരാജ് പറഞ്ഞു. മണ്ഡലത്തിൽ പൊതുവെ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്.

പ്രതീക്ഷക്ക് അനുസരിച്ചുള്ള പ്രകടനം നടത്താനായിട്ടില്ലെന്നും എം സ്വരാജ് പറഞ്ഞു. ഇടതുപക്ഷം മുന്നോട്ടുവെച്ച ഒരു രാഷ്ട്രീയ നിലപാടുമായി തെരഞ്ഞെടുപ്പിൽ മുന്നോട്ടുപോകാനായി. ജനങ്ങളുടെ പ്രശ്നങ്ങള്‍ മാത്രമാണ് മുന്നോട്ടുവെച്ചത്. തിരിച്ചടി നേരിട്ടെങ്കിലും എനിക്ക് ഞാനായി തന്നെ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി. ഒരു വര്‍ഗീയ വാദിയുടെയും പിന്തുണ ഒരു കാലത്തും ഇടതുപക്ഷത്തിന് ആവശ്യമില്ല.

വിജയിയായ ആര്യാടൻ ഷൗക്കത്തിന് എല്ലാ അഭിനന്ദനം അറിയിക്കുകയാണ്. ഇനി കുറഞ്ഞ കാലമാണെങ്കിലും മികച്ച നിലയിൽ എംഎൽഎ ആയി പ്രവര്‍ത്തിക്കാനാകട്ടെയെന്ന് ആശംസിക്കുകയാണ്. ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളാണ് എല്ലായിപ്പോഴും ഉയര്‍ത്തിപ്പിടിക്കാൻ ശ്രമിച്ചത്.

എതിര്‍ക്കുന്നവര്‍ വിവാദങ്ങള്‍ ഉയര്‍ത്തികൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അതൊന്നും ഞങ്ങളെ ബാധിച്ചില്ല. വരും ദിവസങ്ങളിൽ പരാജയത്തിന്‍റെ കാരണങ്ങള്‍ പരിശോധിക്കും. ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. കൂടുതൽ കരുത്തോടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകും.

തോൽവിയിൽ പല തരത്തിലുള്ള വിലയിരുത്തലുകളുണ്ടാകും. ഭരണത്തിന്‍റെ വിലയിരുത്തലാണെന്ന് പറ‍ഞ്ഞാൽ സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങളെയൊക്കെ ജനം എതിര്‍ക്കുന്നുവെന്ന തെറ്റായ വിലയിരുത്തലുണ്ടാകും. അതിനാൽ തന്നെ തെരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരമെന്ന് വിലയിരുത്താനാകില്ലെന്നും എം സ്വരാജ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group